രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റിനുള്ളില്‍; പിതാവ് തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ ആളൂരില്‍ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയില്‍. ബിനോയ്, മകന്‍ അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. ബക്കറ്റിനുള്ളില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ബിനോയ്‌യെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

വീടിന്റെ അടുക്കളയിലായിരുന്നു ഇരുവരുടെയും മൃതദേഹം. രാവിലെ ഭാര്യ ഉണര്‍ന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയില്‍ ഭര്‍ത്താവ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും കൂടിയുണ്ട്. പ്രവാസി മലയാളിയായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഇയാളെ അലട്ടിയിരുന്നു.

Read more

പേസ്‌മേക്കര്‍ ഘടിപ്പിച്ചായിരുന്നു ഹൃദ്രോഹത്തെ നേരിട്ടിരുന്നത്. മകന്‍ അര്‍ജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിന്റെ മാനസിക വിഷമവും ബിനോയ്ക്ക് ഉണ്ടായിരുന്നു എന്നാണ് ആളൂര്‍ പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.