മഹാപ്രളയത്തിൽ നിന്നു കേരളത്തെ കൈപിടിച്ചു കരകയറ്റിയ മത്സ്യത്തൊഴിലാളികളോട് നന്ദികേട് കാണിക്കുകയാണ് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളത്തരം പിടിക്കപ്പെട്ടപ്പോൾ പ്രതിപക്ഷ നേതാവിന് മനോനില തെറ്റിയെന്ന് ആക്ഷേപിക്കുകയാണ് അവർ. മത്സ്യത്തൊഴിലാളികളെ നിത്യനരകത്തിലേക്ക് തള്ളിവിടുന്ന ഈ കൊള്ളയിൽ മന്ത്രി ഇ പി ജയരാജനും ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ ടോം ജോസിനും പങ്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
മഹാപ്രളയത്തിൽ നിന്നു കേരളത്തെ കൈപിടിച്ചു കരകയറ്റിയ മൽസ്യത്തൊഴിലാളികളോട് നന്ദികേട് കാണിക്കുകയാണ് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കള്ളത്തരം പിടിക്കപ്പെട്ടപ്പോൾ പ്രതിപക്ഷ നേതാവിന് മനോനില തെറ്റിയെന്ന് ആക്ഷേപിക്കുകയാണ് അവർ. മത്സ്യത്തൊഴിലാളികളെ നിത്യനരകത്തിലേക്ക് തള്ളിവിടുന്ന ഈ കൊള്ളയിൽ മന്ത്രി ഇ പി ജയരാജനും ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ ടോം ജോസിനും പങ്കുണ്ട്. മുൻ ചീഫ് സെക്രട്ടറി എന്തിനാണ് റിട്ടയർമെന്റിന് ശേഷം ഇത്രയും ചെറിയ ഒരു പദവിയിൽ വരുന്നത് എന്ന സംശയം ഇതോടെ ഇല്ലാതാകുകയാണ്.
മന്ത്രി മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ പോയപ്പോളാണ് ഈ കരാറിന്റെ ആരംഭം. സർക്കാരിന് നൽകിയ പദ്ധതിയിൽ ഇഎംസിസി എന്ന ബഹുരാഷ്ട്ര കമ്പനി തന്നെ വ്യക്തമാക്കുന്നത് മെഴ്‌സിക്കുട്ടിയമ്മയുമായി തങ്ങൾ അമേരിക്കയിൽ 2018 ഏപ്രിലിൽ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച നടത്തി എന്നും മന്ത്രി അത് പൂർണ മനസ്സോടെ അംഗീകരിക്കുകയും തങ്ങളെ പ്രസ്തുത പദ്ധതിയിൽ നിക്ഷേപം നടത്താൻ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാണ്. കേരളത്തിന്റെ മത്സ്യസമ്പത്ത് മുഴുവൻ കൊള്ളയടിക്കാൻ അമേരിക്കൻ കുത്തക കമ്പനിയുമായി ചർച്ച നടത്തിയത് ഫിഷറീസ് മന്ത്രി നേരിട്ടാണ്.
അമേരിക്കൻ കമ്പനിയെ കേരളത്തിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച ശേഷം സംസ്ഥാനത്തിന്റെ മത്സ്യ നയത്തിൽ അതിനനുസൃതമായ മാറ്റം വരുത്തുകയാണ് മേഴ്സിക്കുട്ടിയമ്മ ചെയ്തത്. അതിനു ശേഷം 400 ട്രോളറുകൾക്കും, അഞ്ചു മദർ ഷിപ്പുകൾക്കും അനുമതി നൽകാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി. യുഎൻ ക്ഷണപ്രകാരമുള്ള ചർച്ചയ്ക്കാണ് പോയതെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ തങ്ങളോട് ചർച്ച നടത്തി എന്ന് ബന്ധപ്പെട്ട കമ്പനി തന്നെ വ്യക്തമാക്കുന്നു. മെഴ്സികുട്ടിയമ്മ ഇനിയും ഒളിച്ചുകളിച്ചാൽ കൂടുതൽ രേഖകൾ പുറത്തുവിടേണ്ടിവരും.
ഈ പദ്ധതിയുടെ അത്യന്തികമായ ഫലം കേരളത്തിന്റെ മത്സ്യതൊഴിലാളികൾക്ക് മീൻ പിടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും എന്നതാണ്.കേരളത്തിലെ മത്സ്യത്തൊഴിലാളി യൂണിയനുകളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി എതിർക്കുന്നതാണ് വിദേശ ട്രോളറുകളുടെ മത്സ്യബന്ധനം.
ഒരു അമേരിക്കൻ കുത്തക കമ്പനിയെ കേരളത്തിലേക്ക് വിളിച്ചു കൊണ്ട് വന്ന് ഇവിടുത്തെ മത്സ്യതൊഴിലാളികളുടെ വയറ്റത്തടിക്കാൻ സർക്കാരിന് നാണമില്ലേ ? ട്രോളറുകൾക്ക് ഇതുവരെ ലൈസൻസ് നൽകിയില്ല എന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്. ലൈസൻസ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് .
രജിസ്ട്രേഷൻ ആണ് സംസ്ഥാന ഫിഷറീസ് വകുപ്പ് ചെയ്യേണ്ടത്. അത് പദ്ധതിയുടെ അവസാന ഘട്ടത്തിൽ മാത്രം ചെയ്യേണ്ടതാണ്. അത് കൊണ്ട് മാത്രം പദ്ധതിയേ ഇല്ല എന്ന വാദം കള്ളമാണ്.
മന്ത്രി ഇ പി ജയരാജൻ ചെയ്തത് തനിക്ക് അറിയില്ല എന്നാണ് ഫിഷറീസ് മന്ത്രിയുടെ ഇപ്പോളത്തെ വാദം. അങ്ങനെയെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ജയരാജൻ മറുപടി പറയട്ടെ. മന്ത്രിമാരായ മേഴ്സിക്കുട്ടിമ്മയും ഇ പി ജയരാജനും ഉൾപ്പെട്ട ഒരു വൻ ഗൂഡാലോചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അമേരിക്കൻ മുതലാളിത്ത കമ്പനികളോട് ഇടതു പക്ഷത്തിന് പ്രത്യേക താല്പര്യമാണ്. സ്പ്രിംക്ലറിന്റെ കാര്യത്തിലും ഇതു കണ്ടതാണ്.
Read more
കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ നീക്കവുമായി സർക്കാർ മുന്നോട്ട് പോകരുത്. ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണ്.