ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നവംബർ 24ന് ജില്ലാ കേന്ദ്രങ്ങളിൽ ‘ഫുഡ് സ്ട്രീറ്റ്’ നടത്തുമെന്ന് ഡിവൈഎഫ്ഐ. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്ന് സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
‘ഭക്ഷണത്തിന് മതമില്ല. നാടിനെ വിഭജിക്കുന്ന ആർ.എസ്.എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രതപുലർത്തുക,’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സമരം സംഘടപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഹലാൽ വിവാദം കത്തിപ്പടർന്നിരുന്ന സാഹചര്യത്തിലാണ് പുതിയ ക്യാമ്പയിനുമായി ഡി.വൈ.എഫ്.ഐ തെരുവിലിറങ്ങുന്നത്.
Read more
ഹലാൽ എന്ന പേരിൽ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാൽ സർട്ടിഫൈഡ് ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. ഹലാൽ വിവാദത്തെ മതസൗഹാർദ്ദം തകർക്കാനുള്ള നീക്കമെന്നാണ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പ്രതികരിച്ചിരുന്നു. ബിജെപിക്കുള്ളിൽ തന്നെ ഈ വിഷയത്തിൽ ആശയക്കുഴപ്പമുണ്ട്. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.