സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് വിതരണം ചെയ്യുന്നത്. ഇത്തവണ പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിര്‍വഹിച്ചു. ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വാങ്ങാം. ഈ മാസം 25,26,27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29,30,31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും. സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യുന്നതാണ്.

Read more

ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 4,5,6,7 തീയതികളില്‍ സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും സൗജന്യ ഓണക്കിറ്റ് വാങ്ങാവുന്നതാണ്. ഇതിനായുള്ള പോര്‍ട്ടബിലിറ്റി സംവിധാനവും ഒരുക്കിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ചയാണെങ്കിലും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.