ചിന്നക്കനാലില്‍ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം, ഒരു ഉദ്യോഗസ്ഥന് കുത്തേറ്റു

ചിന്നക്കനാലില്‍ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാആക്രമണം. സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. കായംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിനാണ് കുത്തേറ്റത്. കഴുത്തിലും കയ്യിലും കാലിലും കുത്തേറ്റ സിപിഒ ദീപകിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാള്‍ അപകടനില തരണം ചെയ്തു.

ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. രണ്ട് ദിവസം മുമ്പ് കായംകുളത്തെ ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ഗുണ്ടാസംഘത്തെ തേടിയെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഈ കേസിലുള്‍പ്പെട്ട നാല് പ്രതികളെ തേടി ഇവരുടെ ഒളിസങ്കേതത്തില്‍ എത്തിയതായിരുന്നു അഞ്ച് പേരടങ്ങുന്ന പൊലീസ് സംഘം. പൊലീസ് എത്തിയ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം പത്ത് പേരടങ്ങുന്ന ഗുണ്ടാ സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്. മറ്റ് രണ്ട് പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നാല് സ്റ്റേഷനുകളില്‍ നിന്നും പൊലീസ് സംഘമെത്തിയാണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചത്.

Read more

ഇടുക്കി എസ് പിയുടെ നേതൃത്വത്തില്‍ രാത്രി തന്നെ തെരച്ചില്‍ ആരംഭിച്ചു. പൊലീസുകാരനെ കുത്തിയ ആളടക്കം നാല് പ്രതികളെ പിടികൂടി. പ്രതികളുമായി ബന്ധമുള്ളവരുടെ റിസോര്‍ട്ടില്‍ നിന്നും രാവിലെയാണ് പ്രതികളെ പിടികൂടിയത്.