കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വെടിമരുന്ന് പുറത്ത് നിന്ന് എത്തിച്ചതാണെന്ന് കണ്ടെത്തി. ഇത് എത്തിച്ച് നല്‍കിയ ആളെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പള്ളിക്കുന്ന് സ്വദേശിയായ ഒരാളില്‍ നിന്നാണ് വെടിമരുന്ന് വാങ്ങിയതെന്നാണ് അറിയുന്നത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കേസില്‍ കഴിഞ്ഞ ദിവസം എടക്കാട് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രധാന പ്രതി മിഥുന്‍ കുറ്റം സമ്മതിച്ചിരുന്നു. ബോംബ് നിര്‍മ്മിച്ചത് താനാണെന്നും അക്ഷയും ഗോകുലും ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ചു എന്നും മിഥുന്‍ മൊഴി നല്‍കി. മിഥുനും അറസ്റ്റിലായ അക്ഷയും ചേര്‍ന്നാണ് മേലേ ചൊവ്വയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ നിന്ന് പടക്കം വാങ്ങുകയും ബോംബ് നിര്‍മ്മിക്കുകയും ചെയ്തത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പടക്കക്കടയില്‍നിന്ന് വാങ്ങിയ പടക്കത്തിന്റെ വെടിമരുന്നല്ല ബോംബിന് ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധനയില്‍ വ്യക്തമായി.
മിഥുനിന്റെ പഴയ വീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മിച്ചത്. വെടിമരുന്നിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം ബോംബേറ് പ്ലാന്‍ ബി ആണെന്നും കണ്ടെത്തിയിട്ടുണ്ട്. മിഥുനിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ പ്ലാന്‍. ഇതിന് പുറമെ വാളുപയോഗിച്ച് ആക്രമിക്കാനും പദ്ധതിയിട്ടിരുന്നു. ഇത് അനുസരിച്ച് ഏച്ചൂര്‍ സ്വദേശി സനാദ് ഉള്‍പ്പെടെ നാല് പേര്‍ വാളുമായി സംഭവസ്ഥലത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ടത്. മുന്ന് ബോംബുകളാണ് സംഘത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നത്. ആദ്യം ബോംബെറിഞ്ഞത് മിഥുനാണ്. ഈ ബോംബേറില്‍ ആര്‍ക്കും കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല.
Read more
രണ്ടാമത് അക്ഷയ് എറിഞ്ഞ ബോംബാണ് സംഘത്തിലുള്ള മറ്റുള്ളവരുടെ കയ്യില്‍ തട്ടി ജിഷ്ണുവിന്റെ തലയില്‍ പതിച്ചത്. മറ്റൊരു ബോംബ് ജിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആ ബോംബ് പൊട്ടാതെ തന്നെ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. പൊട്ടാത്ത ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കിയിരുന്നു.