ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലും അഞ്ചും ടെസ്റ്റിനുള്ള ആസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് ആരാധകർ അപ്രതീക്ഷിതമായി കേട്ട പേരായിരുന്നു സാം കോൺസ്റ്റാസ്. ശേഷം ബോക്സിങ് ഡേ ടെസ്റ്റിനുള്ള ആദ്യ ഇലവനിൽ ഓപ്പണർ നഥാൻ മക്‌സ്വീനിക്ക് പകരം കോൺസ്റ്റാസ് കളത്തിലേക്കും. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയെ താൻ പേടിക്കുന്നില്ലെന്ന് കോൺസ്റ്റാസ് മത്സരത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയതോടെ പലതും പ്രതീക്ഷിച്ചു തന്നെയാണ് ആരാധകർ കളി കാണാൻ ഇറങ്ങിത്തിരിച്ചത്.
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകളാണ് കോൺസ്റ്റാസ് ഇന്ന് നേടിയത്. രണ്ടും റിവേഴ്‌സ് സ്‌ക്യൂപ്പിലൂടെയായിരുന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയം. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത താരമായിരുന്നു ബുംമ്ര. ഇതിനിടയിൽ താരം നാലായിരത്തിന് മുകളിൽ പന്തുകളെറിയുകയും ചെയ്തിട്ടുണ്ട്. ബുംമ്രയ്ക്കെതിരെ ഒരോവറിൽ 18 റൺസ് നേടാനും കോൺസ്റ്റാസിനായി.
പരമ്പരയിൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കണ്ട ആവേശവും വാക്കേറ്റവും നാലാം ടെസ്റ്റിന്റെ ആദ്യ മണിക്കൂറിൽ തന്നെ പ്രകടമായിരുന്നു. ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റക്കാരനായ 19 കാരൻ സാം കോൺസ്റ്റാസും തമ്മിലായിരുന്നു ഇന്നത്തെ വാക്കേറ്റം.
വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടിയത് മുതലാണ് സംഭവം ആരംഭിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ഈ പ്രവർത്തനത്തിൽ പ്രകോപിതനതായ യുവതാരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. തുടർന്ന് അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ സാം കോൺസ്റ്റാസിന്റെ കലി അടങ്ങിയിരുന്നില്ല. അധികം വൈകാതെ യുവ താരത്തിന്റെ ബാറ്റിങ് ചൂട് ഇന്ത്യ അറിഞ്ഞു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകി.