സ്വർണാഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ തയാറെടുത്തിരിക്കുന്നവർക്കും ഒരു സന്തോഷവാർത്ത! ഓഹരി വിപണിയുടെ തകർച്ചയിൽ സ്വർണവും വീണതോടെ സ്വർണവില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്… സംസ്ഥാനത്ത് ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണം. കേരളത്തിൽ ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയും പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയും ആയി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇത് ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്.
ഏപ്രിൽ മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ്. തുടർച്ചയായ 4 ദിവസത്തെ ഇടിവിലൂടെ 2,680 രൂപയാണ് പവന് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 335 രൂപയും ഇടിഞ്ഞു. റെക്കോഡ് വിലയിൽ നിന്ന് ഇടിവ് രേഖപെടുത്തിയതോടെ കേരളത്തിലെ ജുവലറികളിൽ തിരക്ക് അനുഭവപെട്ടു തുടങ്ങിയിട്ടുണ്ട്. ഇനിയും വില കൂടുന്നതിന് മുൻപേ സ്വർണം വാങ്ങാനുള്ള നീക്കത്തിലാണ് ആളുകൾ. 18 കാരറ്റ് സ്വർണത്തിനും ഇന്നു വില കുറഞ്ഞു. ചില കടകളിൽ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,780 രൂപയായപ്പോൾ മറ്റുചില കടകളിൽ 50 രൂപ തന്നെ കുറഞ്ഞ് 6,745 രൂപയിലാണ് വിൽപന. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല ഗ്രാമിന് 102 രൂപയാണ്.
ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നിവ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 71,217 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 8,902 രൂപയും നൽകേണ്ടി വരും. 5% പണിക്കൂലിയാണ് ഇതിൽ കണക്കാക്കിയത്. ഏപ്രിൽ 3ന് സ്വർണം വാങ്ങിയവരെ അപേക്ഷിച്ച് പവനു 2,900 രൂപയോളം കുറവ് ആണ് ഇപ്പോഴുള്ളത്. ഗ്രാമിന് 362 രൂപയും.
എന്തായാലും വിവാഹം അടക്കമുള്ള വിശേഷാവശ്യങ്ങൾക്കായി വലിയ തോതിൽ സ്വർണം വാങ്ങാൻ തയ്യാറായി നിൽക്കുന്നവർക്ക് ഈ അവസരം നല്ല രീതിയിൽ പ്രയോജനപ്പെടുത്താനാകും. മുൻകൂർ ബുക്കിങ് ചെയ്തവർക്കും ആശ്വാസത്തിൽ വാങ്ങാം. ഒട്ടുമിക്ക ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം നൽകുന്നുണ്ട്. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത്, ഏത് വിളയാനോ കുറവ് ആ വിലയ്ക്ക് സ്വർണം സ്വന്തമാക്കാമെന്നതാണ് നേട്ടം. അതായത്, ബുക്ക് ചെയ്തശേഷം വില കൂടിയാലും ഉപഭോക്താവിനെ ബാധിക്കില്ല.
ആഗോള വിപണിയിൽ നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വർണവിലയിലെ ഇടിവെന്നാണ് വിലയിരുത്തൽ. ആഗോളതലത്തിൽ വ്യാപാര യുദ്ധം ആരംഭിച്ചിട്ടും സ്വർണ വില താഴേക്ക് തന്നെയാണ് വീഴുന്നത്. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. വ്യാപാരയുദ്ധത്തെ കുറിച്ചുള്ള ആശങ്ക സ്വർണ നിക്ഷേപകരെ തളർത്തിയതും വില കുറയാൻ കാരണമായിട്ടുണ്ട്.
അതേസമയം, സ്വർണ വില ഇനിയും കുറയുമെന്നും പവൻ വില 50,000 രൂപയിൽ താഴെയെത്തുമെന്നും വിദഗ്ധർ പറയുന്നു. രാജ്യാന്തര സ്വർണവില 38% ഇടിഞ്ഞ് 1,820 ഡോളർ വരെ എത്തിയേക്കാമെന്ന് അമേരിക്കൻ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോൺ മിൽസ് അടുത്തിടെ പ്രവചിച്ചിരുന്നു. അങ്ങനെയെങ്കിൽ പ്രതിസന്ധികാലത്തെ സുരക്ഷിതമായ നിക്ഷേപം എന്ന രീതിയിൽ സ്വർണം അധികനാൾ ഉണ്ടാകില്ല എന്നും വില ഇടിയും എന്നുമാണ് ജോൺ മിൽസ് പറഞ്ഞത്. ജോൺ മിൽസിന്റെ പ്രവചനം സത്യമായാൽ വരും മാസങ്ങളിൽ കേരളത്തിൽ പവൻവില 50,000 രൂപയ്ക്ക് താഴെയെത്താൻ സാധ്യതയുണ്ട്.