സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ സിപിഎമ്മിനെ മുതലെടുത്തു, കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഎമ്മിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തു. ഇവര്‍ പാര്‍ട്ടിയുടേയും നേതാക്കളുടേയും പേര് ദുരുപയോഗം ചെയ്ത് നേട്ടമുണ്ടാക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുളള പൊതുചര്‍ച്ചയുടെ സമയത്താണ് ഇവര്‍ ആരോപണം ഉന്നയിച്ചത്.

ജില്ലയില്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത് സിപിഎമ്മിനെയും പാര്‍ട്ടി നേതാക്കളെയും മുതലാക്കിയാണ്. സിപിഎമ്മിനെ നയിക്കുന്നത് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളാണ്. വന്‍ സാമ്പത്തിക നേട്ടമാണ് പാര്‍ട്ടിയെ ഉപയോഗിച്ച് സംഘങ്ങള്‍ നേടിയത്. ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയെ മറയാക്കി പ്രവര്‍ത്തിക്കുന്നത് തിരിച്ചറിയാന്‍ പല നേതാക്കള്‍ക്കും കഴിയുന്നില്ലെന്ന് പ്രതിനിധികള്‍ ആരോപിച്ചു. ഇത് തടയാന്‍ കഴിയാതെ പോയത് വീഴ്ചയാണ്. എന്നാല്‍ ഒരു നേതാക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമര്‍ശനം.

സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിക്കാരായും നേതാക്കളുടെ ആളുകളായി തോന്നിപ്പിക്കും വിധവുമാണ് ഇത്തരം സംഘങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ പിന്നീട് സ്വര്‍ണ്ണക്കടത്തിലേക്കും ക്വട്ടേഷനിലേക്കും മാറുന്നു. ഇത് പുറത്ത് വരുന്നതോടെ പാര്‍ട്ടിക്ക് ചീത്തപ്പേരാവുകയാണ്. പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കാന്‍ ഇത് കാരണമാകുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് പൊതു ചര്‍ച്ചക്ക് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വ്യക്തമാക്കി. രണ്ട് ദിവസമായി നടന്ന ചര്‍ച്ചയില്‍ പന്ത്രണ്ട് വനിതകള്‍ ഉള്‍പ്പെടെ 49 പേരാണ് പങ്കെടുത്തത്. സമ്മേളനത്തിന് ഇന്ന് സമാപനമാകും.