ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് എടോടി ശാഖയില്‍ നിന്ന് 17 കോടിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പിടിയിലായ മുന്‍ മാനേജര്‍ മധു ജയകുമാര്‍ പൊലീസ് കസ്റ്റഡിയില്‍. വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കര്‍ണാടക-തെലങ്കാന അതിര്‍ത്തിയായ ബിദര്‍ ഹുംനാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ പൂനെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പിടികൂടിയത്. എന്നാല്‍ പിടിയിലായ പ്രതിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാര്‍ സ്ഥാപനത്തില്‍ 26244.20 ഗ്രാം സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടിയിലേറെ തട്ടിയെന്നാണ് പരാതി.
Read more
മധുജയകുമാര്‍ ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി. ഇതേ തുടര്‍ന്ന് പുതുതായി സ്ഥാപനത്തില്‍ ചാര്‍ജ്ജെടുത്ത മാനേജര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റം ലഭിച്ചെങ്കിലും മധുജയകുമാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6വരെ 42 അക്കൗണ്ടുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.