'ഈ സൈസ് പോരാ, ഇനിയും വലുതാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്..'; പൊതുവേദിയില്‍ നടിക്കെതിരെ അശ്ലീല പരാമര്‍ശം, സംവിധായകന് രൂക്ഷവിമര്‍ശനം

നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്‍ ത്രിനാഥ റാവു നക്കിന. തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്. തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്ന് താന്‍ നടിയോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്.

ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്കയില്‍ പ്രധാന വേഷത്തില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്. സുന്ദീപ് കൃഷ്ണനും റിതു വര്‍മയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ടീസര്‍ ലോഞ്ചിനിടെയാണ് അന്‍ഷുവിനെ സിനിമയിലേക്ക് കൊണ്ടു വന്നതിനെ കുറിച്ച് ത്രിനാഥ റാവു സംസാരിച്ചത്.

നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്റെ പരാമര്‍ശം. ”അന്‍ഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നത് എന്നെ അമ്പരപ്പിക്കാറുണ്ട്. ഇവള്‍ എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി.”

”അന്‍ഷുവിന് വേണ്ടി മാത്രം ഞാന്‍ പലതവണ മന്‍മദുഡു കണ്ടു. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ ഇരിക്കുന്നത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് കുറച്ച് ഭാരം വെക്കാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര എന്നാണ് പറഞ്ഞത്. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ല രീതിയില്‍ അവള്‍ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും” എന്നായിരുന്നു ത്രിനാഥ റാവു നക്കിന പറഞ്ഞത്.

ടീസര്‍ ലോഞ്ചിന്റെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ ത്രിനാഥ റാവുവിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. നടിമാരോട് എന്ത് വൃത്തികേടും പറയാം എന്ന് കരുതരുത് എന്നാണ് പലരും കുറിക്കുന്നത്. അതേസമയം, നേരത്തെ നടി പായല്‍ രാധാകൃഷ്ണനെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചും സംവിധായകന്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു.