ഷാരോണിനെ കൊല്ലാന്‍ പലതവണ ശ്രമിച്ചെന്ന് ഗ്രീഷ്മ; ജ്യൂസ് ചലഞ്ചും ആസൂത്രിതം

പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷാരോണിനെ കൊല്ലാന്‍ പലതവണ ശ്രമിച്ചെന്ന് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നെന്നും മുഖ്യപ്രതിയായ ഗ്രീഷ്മ പൊലീസില്‍ മൊഴി നല്‍കി.

ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക. കളനാശിനി കലര്‍ത്തി നല്‍കിയ കഷായത്തിന്റെ കുപ്പി കണ്ടെത്താനാണ് തെളിവെടുപ്പ്. നേരത്തെ കളനാശിനിയുടെ കുപ്പി കുളക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു.

തെളിവെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.

Read more

അതിനിടെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ടുപൊളിച്ചതില്‍ തമിഴ്‌നാട് പൊലീസിനോട് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വീടിന്റെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടെത്തിയത്.