സംസ്ഥാനത്ത് ഏറെ കുപ്രസിദ്ധി നേടിയ പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2022 ഒക്ടോബര്‍ 31ന് ആയിരുന്നു കേസില്‍ ഗ്രീഷ്മ അറസ്റ്റിലാകുന്നത്.
കൊലപാതകത്തില്‍ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഇവര്‍ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെക്‌സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പ്രതി കൊല നടത്തിയതെന്നും കാര്‍പ്പിക്ക് എന്ന കളനാശിനിയാണ് കൊലയ്ക്കായി കഷായത്തില്‍ കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാം ദിവസം നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2022 ഒക്ടോബര്‍ 14ന് ആയിരുന്നു ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുന്നത്. ഇതേ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 25ന് ഷാരോണ്‍ മരിച്ചു.
Read more
പാറശാല പൊലീസ് സംഭവത്തില്‍ കേസെടുത്തെങ്കിലും സ്വാഭാവിക മരണം എന്ന നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന് ഷാരോണിന്റെ ബന്ധുക്കള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകള്‍ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തി.