വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്

ആലപ്പുഴയിൽ നടന്ന ‘ദൃശ്യം മോഡല്‍’ കൊലപാതകത്തിലെ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാക്ക് തർക്കം ഉണ്ടായപ്പോൾ വിജയലക്ഷ്മിയെ പിടിച്ച് ശക്തിയിൽ തള്ളിയെന്നും തെറിച്ച് പോയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നാണ് പൊലീസിനോട് ജയചന്ദ്രൻ പറഞ്ഞത്.

ഭാര്യ മറ്റൊരു വീട്ടിൽ ജോലിക്കായി പോയ സമത്താണ് സംഭവം നടന്നതെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു. മകൻ അമ്മയുടെ വീട്ടിലുമായിരുന്നു. ഈ സമയത്ത് ജയചന്ദ്രൻ സ്വന്തം വീട്ടിലേക്ക് യുവതിയെ വിളിച്ചു വരുത്തി. മരിച്ചുവെന്ന് ഉറപ്പായതോടെ വീട്ടിൽ തന്നെ മൃതദേഹം സൂക്ഷിച്ചു. രാത്രിയിൽ വീട്ടുകാർ ഉറങ്ങിയപ്പോൾ തൊട്ടടുത്ത പറമ്പിൽ കുഴിച്ചിട്ടു. അധികം ആഴമില്ലാത്ത കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നും മൊഴിയിൽ പറയുന്നു.

ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് ഇരുവരും. നേരത്തെയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിൽ പണമിടപാടുണ്ടായിരുന്നു. അതിനിടെ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതായി ഇയാൾ പൊലീസിന് മൊഴി നൽകിയത്.

ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.

അതേസമയം ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. തുടർന്ന് ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് പ്രതി ജയചന്ദ്രനാണെന്ന് കണ്ടെത്താൻ സഹായകമായത്.