എഷ്യാനെറ്റിലെ വിനു വി ജോണും, ട്വന്റിഫോറും തമ്മിലുള്ള യുദ്ധം തത്കാലത്തേക്കൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ ട്വീറ്റിലൂടെ വ്യക്തമാകുന്നത്. മോന്സന് മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു.വി ജോണ്‍ ട്വീറ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടു പോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന് ആന്റണിയുടെ പേര് പറയാതെ വിനു വി ജോണിന്റെ ട്വീറ്റ്.
പോലീസ് സ്റ്റേഷനിൽ കെണിയൊരുക്കി വീഴ്ത്താൻ കാത്തിരുന്നത് എന്നെ … ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തത് അവനെ….. ദൈവമുണ്ട് …..!🙏🙏🙏
— VINU V JOHN (@vinuvjohn) October 13, 2021
നേരത്തെ എഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്ത്തകന് സഹിന് ആന്റണിയുടെ മകളുടെ ജന്മദിനം എന്ന പേരില്‍ പുറത്തു വന്ന ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യു, സഹിന്റെ കുഞ്ഞിന്റെ പിതൃത്വപരാമര്‍ശം നടത്തിയതോടെ ചര്‍ച്ച വിവാദമായി. ചര്‍ച്ചയില്‍ അവതാരകനായിരുന്ന വിനു വി ജോണ്‍ ഇടപെട്ട് അത് തിരുത്തിയെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പരക്കുകയായിരുന്നു. ഇതിന് പിന്നാലെ പിറ്റേദിവസം രാവിലെ 24ന്യൂസിലെ ഗുഡ്മോണിംഗ് വിത്ത് എസ്കെഎന്‍ എന്ന പരിപാടിയില്‍ സഹിന് ആന്റണിയുടെ ഭാര്യയും ശ്രീകണ്ഠന് നായരും വിനു വി ജോണിനെതിരെ നിയമനടപടിയുമായി പോകുമെന്നും പറഞ്ഞിരുന്നു. ചര്‍ച്ച നടന്ന ദിവസം രാത്രി തന്നെ സംഭവത്തില്‍ പരാതി നല്‍കിയതായി സഹിന്റെ ഭാര്യ ചാനലില്‍ പറഞ്ഞിരുന്നു. പിന്നീട് വിനുവിനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലെന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നാണ് വിവരം.
വിനു വി ജോണും ട്വന്റിഫോറും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് നാളുകളായി. മുട്ടില്‍ മരംമുറി കേസില്‍ 24ലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ദീപക് ധര്‍മ്മടത്തിന്റെ ഫോണ്‍ രേഖകള്‍ പുറത്തു വിട്ടതോടെയാണ് ശ്രീകണ്ഠന് നായരെ വെട്ടിലാക്കിയത്. പിന്നാലെ ശ്രീകണ്ഠന്‍നായര്‍ ലൈവില്‍ തന്നെ ഏഷ്യാനെറ്റിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് മോന്സന് മാവുങ്കല്‍ വിഷയം പുറത്തു വന്നതോടെ കേസില്‍ 24റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയുടെ പേരും പുറത്തു വന്നു. മറ്റു മാധ്യമങ്ങള്‍ അധികമാരും ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കുമ്പോഴും വിനു വി ജോണ്‍ ഒന്നിലേറെ തവണ സംഭവം ചര്‍ച്ചയാക്കി. പിന്നീട് ഇത് ചാനല്‍ യുദ്ധമായി വളരുകയായിരുന്നു. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്, ട്രൂകോപ്പി സിഒഒ ഹര്ഷന് പൂപ്പാറക്കാരന് എന്നിവരും ഈ യുദ്ധത്തിന്റെ പങ്കാളികളായെങ്കിലും പിന്നീടവര്‍ പിന്‍വലിയുകയായിരുന്നു.
പരാതിക്കാരില്‍ നിന്ന് മോന്സണ് മാവുങ്കല്‍ തട്ടിയെടുത്ത പണത്തില്‍ 2016 മുതല്‍ കൊച്ചി പ്രസ് ക്ലബില്‍ എത്ര ലക്ഷം ചെലവഴിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു. 2020ല്‍ സഹിന് ആന്റണി വഴി വന്ന രണ്ടരലക്ഷം എങ്കിലും തിരിച്ചു കൊടുക്കണം എന്നായിരുന്നു ട്വീറ്റ്. കൊച്ചി പ്രസ് ക്ലബില്‍ 2020ല്‍ നടന്ന കുടുംബ മേളയിലെ ഭക്ഷണത്തിന്റെ സ്പോണ്സര് മോന്സണ് മാവുങ്കല്‍ ആയിരുന്നു എന്നായിരുന്നു ട്വീറ്റിനൊപ്പം വിനു വി ജോണ്‍ പങ്കുവെച്ച വാട്സ് ആപ്പ് സന്ദേശത്തിലെ ഉള്ളടക്കം.
Read more
ബാര്‍ക് റേറ്റിംഗ് കാലയളവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വലിയ മത്സരം നിലനിര്‍ത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും, ട്വന്റി ഫോര്‍ ന്യൂസും വാര്‍ത്താഅവതാരകരുടെ ഭാഷയെയും സഭ്യതയെയും മുന്‍നിര്‍ത്തി പുതിയ പോര്‍മുഖം തുറക്കുകയാണ്. ഈ യുദ്ധം ഇപ്പോഴൊന്നും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് വിനു വി ജോണ്‍.