മുണ്ടക്കൈയിൽ കനത്ത മഴ; ഇന്നത്തെ തിരച്ചിൽ നിർത്തി

മുണ്ടക്കൈയിൽ കനത്ത മഴ പെയ്യുന്നതിനാൽ ഇന്നത്തെ തിരച്ചിൽ നിർത്തി. കനത്ത മഴയിൽ തിരച്ചിൽ നടത്തുക ദുഷ്കരമായതിനാലാണ് തിരച്ചിൽ നിർത്തിയത്. അതേസമയം ഇന്നത്തെ ജനകീയ തിരച്ചിലിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. കാന്തൻപാറയിൽ നടത്തിയ തിരച്ചിലിൽ കാന്തൻപാറ പുഴക്ക് സമീപമാണ് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.

പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന ഭാഗത്താണ് രണ്ട് കാലുകള്‍ കണ്ടെത്തിയത്. പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങള്‍ കിട്ടിയത്. ഈ പ്രദേശത്തു തന്നെ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ ഈ പ്രദേശത്ത് ഒഴുകിയെത്താനുള്ള സാധ്യത കൂടുതലാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തെരച്ചിലാണ് തുടരുന്നത്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചില്‍ നടത്തിയത്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവർ ഉൾപ്പെടെയാണ് തിരച്ചിലിന്റെ ഭാഗമായി.