ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍ തയ്യാറാക്കുകയാണെന്നും ഇത് ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് കേന്ദ്രനിയമത്തില്‍ വരുത്തിയ ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പിന്‍സീറ്റിലും ഹെല്‍മറ്റ് വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണനയ്ക്ക് വന്നപ്പോഴാണ് സര്‍ക്കാരിനെതിരെ ഡിവിഷന്‍ ബഞ്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഇതോടെ ഈ അപ്പീല്‍ സര്‍ക്കാര്‍ ഇന്ന് പിന്‍വലിച്ചു. പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉടന്‍ വിജ്ഞാപനമിറക്കുമെന്നും അറിയിച്ചു.
പിന്‍സീറ്റ് ഹെല്‍മറ്റിന്റെ കാര്യത്തില്‍ ജുഡിഷ്യറിയുമായി തത്കാലം ഏറ്റുമുട്ടലിനില്ലെന്ന് തീരുമാനിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
കേന്ദ്രനിയമത്തിനെതിരെ ഭേദഗതി കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞത്. സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
Read more
പിന്‍സീറ്റ് ഹെല്‍മറ്റ് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദേശം.