ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. കോടതി അവധി ദിവസമായ ഇന്ന് ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ തിരക്കിനെ തുടര്‍ന്ന് തടഞ്ഞുനിറുത്തിയിരിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാനും കോടതി ഉത്തരവിട്ടു. കോട്ടയം, പാലാ, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങളിലാണ് തീര്‍ത്ഥാടകരെ തടഞ്ഞുവച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ടെന്നും ഇക്കാര്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഡിജിപി നേരിട്ട് ഇടപെടാനും കോടതി നിര്‍ദ്ദേശമുണ്ട്. ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കോടതി അറിയിച്ചു. അതേ സമയം കഴിഞ്ഞ ദിവസം റെക്കോര്‍ഡ് എണ്ണം ഭക്തരാണ് പതിനെട്ടാം പടി ചവിട്ടിയത്. 100969 പേരാണ് ഞായറാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത്.
ഈ സീസണില്‍ പതിനെട്ടാം പടി ചവിട്ടിയ ഭക്തരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അവധി ദിവസവും കൂടാതെ പ്രത്യേക പൂജാ ദിവസവും ആയതിനാലാണ് തിരക്ക് ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം. പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് കഴിഞ്ഞ ദിവസം മല കയറിയത്. മിനുട്ടില്‍ 72 പേര്‍ എന്ന കണക്കിലാണ് നിലവില്‍ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്.
Read more
പരമാവധി തീര്‍ത്ഥാടകരെ കയറ്റി വിടുമ്പോഴും തിരക്കിന് യാതൊരു ശമനവുമില്ല. കഴിഞ്ഞ ദിവസം എത്തിയ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗം പേര്‍ക്കും ദര്‍ശനം സാധ്യമായത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്. 24 മണിക്കൂറിലേറെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ദര്‍ശനത്തിനായി കാത്തുനിന്നത്.