വാളയാർ കേസില്‍ അടിയന്തര വാദം കേൾക്കുമെന്ന്​ ​ഹൈക്കോടതി

വാളയാർ കേസിൽ അടിയന്തര വാദം കേൾക്കുമെന്ന്​ ഹൈക്കോടതി. പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹര്‍ജിയിലാണ്​​ ഹൈക്കോടതി നടപടി. പ്രതികൾക്ക്​ നോട്ടീസ്​ നൽകിയാലുടൻ വാദം കേൾക്കൽ ആരംഭിക്കുമെന്നാണ്​ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്​. കേസിലെ ആറ്​ പ്രതികളിൽ രണ്ട്​ പേർക്ക്​ ഹൈക്കോടതി നോട്ടീസ്​ അയച്ചിട്ടുണ്ട്​. നാല്​ പേർക്ക്​ കൂടി ഇന്ന്​ നോട്ടീസയക്കും.

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ്​ പെൺകുട്ടികളുടെ അമ്മയുടെ പ്രധാന ആവശ്യം. അന്വേഷണത്തിൽ ഗുരുതര വീഴ്​ച സംഭവിച്ചിട്ടുണ്ട്​. നിശ്ശബ്ദ നിരീക്ഷകനായാണ്​ കേസിൽ ​ വാദം  കേൾക്കു​മ്പോൾ കോടതി ഇരുന്നത്​. ഇക്കാര്യത്തിൽ പ്രോസിക്യൂട്ടർക്കും പാളിച്ച പറ്റിയിട്ടുണ്ടെന്ന്​ പെൺകുട്ടികളുടെ അമ്മ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അമ്മ ആവശ്യപ്പെടുന്നു.

13 വയസുകാരിയെ 2017 ജനുവരി 13-നും 9 വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണകോടതി ഇവരെ വെറുതെ വിട്ടത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അമ്മയുടെ അപ്പീലിലെ അപേക്ഷ.