മലയോര ഗ്രാമീണൻ, അന്നേ അയാളിൽ കണ്ടത് ഒന്നാംതരം നേതൃഗുണം: കലാലയ ജീവിതത്തിലെ പി.ടി യെ ഓർമ്മിച്ച് എം.ജി രാധാകൃഷ്ണൻ

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിനെ തന്റെ കലാലയ ജീവിതത്തിലെ ഓർമ്മകളിൽ നിന്നും സൂക്ഷ്മമായി വിവരിക്കുകയാണ് മാധ്യമ പ്രവർത്തകനായ എം.ജി രാധാകൃഷ്ണൻ. കോളജ് പഠനകാലത്ത് അലങ്കാരങ്ങളോ അലമ്പോ ഒന്നും ഇല്ലാതെ, ഇറക്കം ഇല്ലാത്ത ഖദർ ഒറ്റമുണ്ടും ഇറുകിക്കിടക്കുന്ന, ഇസ്തിരി ഇല്ലാത്ത, വില കുറഞ്ഞ ഖദർ ഷർട്ടും ധരിച്ച്, എപ്പോഴും അല്പം നാണം ദ്യോതിപ്പിക്കുന്ന പുഞ്ചിരിയോടെ, തിരക്കിട്ട ചുവടുകൾ വെച്ച് നീങ്ങുന്നതിനിടെ എല്ലാവരോടും മധുരമായി പെരുമാറുന്ന, മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു നേതാവായിരുന്നു പി.ടി തോമസ് എന്ന് എംജി രാധാകൃഷ്ണൻ അനുസ്മരിക്കുന്നു. എംജി രാധാകൃഷ്ണന്റെ കുറിപ്പ് വായിക്കാം.

മാർ ഇവാനിയോസിലെ മലയോര ഗ്രാമീണൻ
——————————–

1973-75. മാർ ഇവാനിയോസ് കോളജ് സ്കൂൾ കാലത്ത് തന്നെ പ്രിയങ്കര സ്വപ്നം. രാഷ്ട്രീയമോ പെൺകുട്ടികളോ ഇല്ലാത്ത സെന്റ് ജോസഫ് സ് സ്കൂളിൽ നിന്ന് ഇവാനിയോസിൽ എത്തുമ്പോൾ അവയായിരുന്നു ഏറ്റവും വലിയ പുതുമകൾ. ഇന്നത്തെ തരം പണക്കൊഴുപ്പ് കടന്നു വന്നിട്ടില്ലാത്ത കാല്പനിക കലാലയം. അന്ന് കോളജ് കാംപസുകളിൽ KSUവിന്റെ പ്രാഭവ കാലം. ഇവാനിയോസിൽ പ്രത്യേകിച്ചും SFI തീരെ ഇല്ല. KSU കഴിഞ്ഞാൽ ശക്തം KSC. TM ജേക്കബും മറ്റും തുടങ്ങി വെച്ച പാരമ്പര്യം. മൂന്നാമത്തെ കക്ഷി ചില്ലറ തല്ലിനും പിടിക്കും ഒക്കെ മുമ്പിലായിരുന്ന PSU. RSPയുടെ വിദ്യാർത്ഥി പ്രസ്ഥാനം (ഇന്ന് ഇതുണ്ടോ എന്തോ?). കാംപസിൽ അരാഷ്ടീയക്കാരും ധാരാളം. രാഷ്ടീയക്കാരിലെ വരേണ്യർ KSUക്കാർ. പെൺപിന്തുണയും അവർക്ക്. ഉജ്വലമായ ആംഗല പ്രഭാഷണം കൊണ്ട് സൂപ്പർ താരമായ സൂജാ ജോൺസ് (പുരുഷനാണ്) ആണ് KSUവിന്റെ അപ്രതിരോധ്യനായ സ്ഥിരം ചെയർമാൻ സ്ഥാനാർത്ഥി. മധ്യ തിരുവിതാംകൂർ ജില്ലക്കാരായ വലിയ വിഭാഗത്തിന്റെ പിന്തുണയുള്ള KSCക്കാരും പ്രബലർ. പാട്ടിനും കളികൾക്കും പ്രസംഗത്തിനും ഒക്കെ കഴിവുള്ള ഇക്കൂട്ടരുടെ മുമ്പൻ ഒരു അലക്സാണ്ടർ ആയിരുന്നു എന്നാണോർമ്മ. സാറൻമാരെയും ടീചർമാരെയും മാത്രമല്ല എല്ലാവരുടെയും പേടിസ്വപ്നമായ പ്രിൻസിപൽ പണിക്കരച്ചനെയും വരെ സരസമായ പാരഡിപ്പിട്ടുകളാൽ പരിഹസിക്കാൻ ചിലരെങ്കിലും ധൈര്യപ്പെട്ടിരുന്നു. (“റവറണ്ട് പണിക്കരച്ചോ, പൊന്നു പണിക്കരച്ചോ ഈ തെറി വചനങ്ങൾ നിറുത്തു, അറിവ് പകർന്നു തരൂ….” എന്ന് സ്വയംവര കന്യകേ മട്ടിൽ; കോശിവൈദ്യൻ സാർ ഒരു കൊച്ചു നിക്കറുമിട്ട് റാക്കറ്റ് ഉയർത്തി പന്തടിച്ചു കൊണ്ടിരിക്കേ.. എന്ന് ഹം തും ഇക് കമ്‌രേ മേം… മട്ടിൽ). നെറ്റിയിൽ ഒരു കെട്ട് (bandana) ഒക്കെയായി മുണ്ട് ആവശ്യ ത്തില്ലേറെ ഉയർത്തി മാടിക്കെട്ടി ഒരു അനുയായിസംഘത്തെ നയിച്ച് ഞങ്ങൾ പ്രീഡിഗ്രി ക്കാരെ വിറപ്പിച്ച് ഒന്നാം നിലയിലെ വരാന്തയിലൂടെ നടന്നു പോകുന്ന ആ PSU നേതാവിന്റെ പേര് മറന്നു.

Read more

പക്ഷേ അന്ന് ഈ വക അലങ്കാരങ്ങളോ അലമ്പോ ഒന്നും ഇല്ലാതെ, ഇറക്കം ഇല്ലാത്ത ഖദർ ഒറ്റമുണ്ടും ഇറുകിക്കിടക്കുന്ന, ഇസ്തിരി ഇല്ലാത്ത, വില കുറഞ്ഞ ഖദർ ഷർട്ടും ധരിച്ച്, എപ്പോഴും അല്പം നാണം ദ്യോതിപ്പിക്കുന്ന പുഞ്ചിരിയോടെ, തിരക്കിട്ട ചുവടുകൾ വെച്ച് നീങ്ങുന്നതിനിടെ എല്ലാവരോടും മധുരമായി പെരുമാറുന്ന, മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു നേതാവ് കോളജിൽ ഉണ്ടായിരുന്നു. ഒന്നാം വർഷ DC ക്കാരൻ. പ്രമാണിമാർ ഒക്കെ ധാരാളം ഉള്ളപ്പോഴും കാംപസിലെ ഏറ്റവും ശക്തമായ സംഘടനയുടെ യൂനിറ്റ് പ്രസിഡണ്ട് ആയി അതിസാധാരണക്കാരൻ ആയ ഈ വിദൂരമലയോര ഗ്രാമീണൻ എങ്ങിനെ അന്നും അല്പം നാഗരിക ജാടയും മോടിയും പ്രധാനമായിരുന്ന ഇവാനിയോസിൽ തെരഞ്ഞെടുക്കപ്പെട്ടു എന്ന് അല്പം അമ്പരന്നിരുന്നു. PDC ക്കാരായ ഞങ്ങളോട് എത്ര സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് അയാൾ പെരുമാറിയത് എന്നോർക്കുമ്പോൾ അന്നേ അയാളിൽ കണ്ടത് ഒന്നാം തരം നേതൃഗുണം എന്ന് അറിയുന്നു. പിന്നീട് അയാൾ മഹാരാജാസിലേക്ക് പോയി കൂടുതൽ വലിയ നേതാവായി. ഒപ്പം പഠിച്ച അന്യമതക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പഴയ ആദർശ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. കൂടുതൽ ഉയരങളിലേക്ക് പോകുമ്പോഴും ഇവാനിയോസിലെ പഴയ ഗ്രാമീണൻ അയാളിൽ തുടർന്നു. ഞങ്ങളുടെ സൗഹൃദവും. ഞാൻ മാതൃഭുമി ഇടുക്കി ലേഖകൻ ആയ കാലത്ത് അയാളുടെ നാടിനെയും പ്രവർത്തനത്തെയും കൂടുതൽ അടുത്ത് അറിഞ്ഞു. പിന്നീട് പലപോഴും കടുത്ത രാഷ്ടീയ താല്പര്യവും ഗ്രൂപ്പ് ആവേശവും അയാളെ വ്യക്തി വിദ്വേഷത്തിലേക്കും ഉത്തരവാദിത്തമില്ലാത്ത അപവാദ പ്രചാരണത്തിലേക്കും തള്ളിയെന്ന് തോന്നിയപ്പോഴും മത വിദ്വേഷം, പരിസ്ഥിതി , അമിതാധികാര പ്രയോഗം എന്നീ വിഷയങളിൽ അയാൾ സുധീരം ശബ്ദം ഉയർത്തിയത് പഴയ ഇവാനിയോസ് കാലത്തെ ഓർമ്മിപ്പിച്ചിരുന്നു. നഷ്ടമായത് നല്ല സുഹൃത്ത്. നല്ല നേതാവ്. അമ്പത് ആണ്ടിനോട് അടുക്കുന്ന സൗഹൃദത്തിന്റെ നല്ല ഓർമകളോടെ വിട.