അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി; എഡിജിപിയ്‌ക്കെതിരെ ഡിജിപി തല അന്വേഷണത്തിന് ശിപാര്‍ശ

തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണത്തിന് പിന്നാലെ എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. വിഷയത്തില്‍ വീണ്ടും വിശദമായ അന്വേഷണം ആവശ്യമാണെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ അജിത്കുമാറിനെതിരെയും ആഭ്യന്തര സെക്രട്ടറി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി ഉന്നയിച്ച കാര്യങ്ങളിലാണ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഡിജിപി തല അന്വേഷണമാണ് ആഭ്യന്തര സെക്രട്ടറി ശിപാര്‍ശ ചെയ്തിരിക്കുന്നത്. പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിര്‍ദ്ദേശമുണ്ട്.

ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിജിപിക്ക് കൈമാറിയ എഡിജിപിയുടെ റിപ്പോര്‍ട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി പരിശോധിച്ചിരുന്നു. എഡിജിപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുണ്ടായിരുന്നത്.

പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തല്‍. വിശദമായ അന്വേഷണമാണ് സിപിഐയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.