തേങ്കുറിശ്ശി ദുരഭിമാനകൊലയ്ക്കിരയായ അനീഷിൻറെ കുടുംബത്തെ കള്ളക്കേസിൽ കുടുക്കാൻ പ്രതികൾ ശ്രമം നടത്തിയതായി അനീഷിന്‍റെ അമ്മ രാധ. സ്ത്രീധനം ചോദിച്ചുവെന്ന് കാണിച്ച് അനീഷിന്‍റെ ഭാര്യ ഹരിതുടെ കുടുംബം നോട്ടീസയച്ചിരുന്നുവെന്ന് രാധ പറഞ്ഞു. കൊലപാതകത്തിന്‍റെ സൂത്രധാരൻ ഹരിതയുടെ മുത്തച്ഛനാണ്. പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണം. ഹരിതയെ സംരക്ഷിക്കുമെന്നും അനീഷിന്‍റെ അമ്മ പറഞ്ഞു.
‘നിന്റെ താലിക്ക് വെറും 90 ദിവസത്തെ ആയുസ്സ്. മകളുടെ മുഖത്ത് നോക്കി അവളുടെ അച്ഛൻ പറഞ്ഞ വാക്കാണ്. അതും പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയിട്ട്. എസ്ഐ സാറിന്റെ മുന്നിൽ വച്ച് അവൾക്ക് അവനൊപ്പം ജീവിക്കാനാണ് ഇഷ്ടമെങ്കിൽ അങ്ങനെയാവട്ടെ എന്ന് സമ്മതിച്ചിട്ടാണ് പുറത്തിറങ്ങി ഇങ്ങനെ പറഞ്ഞത്. ഞങ്ങൾ പാവങ്ങളാണ്, അവരോട് മൽസരിക്കാൻ പണമില്ല, പദവിയില്ല. ജാതി പ്രശ്നമായിരുന്നു അവർക്ക്..’കണ്ണീരോടെ കൊല്ലപ്പെട്ട അനീഷിന്റെ അച്ഛൻ പറഞ്ഞു.
Read more
കുഴൽമന്ദം തേങ്കുറുശി മാനാംകുളമ്പ് സ്കൂളിനു സമീപം ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകൻ അനീഷ് (അപ്പു–27) ആണു വെട്ടേറ്റു മരിച്ചത്. ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ (43), അമ്മാവൻ സുരേഷ്കുമാർ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിനു തലേന്നായിരുന്നു സംഭവം. തേങ്കുറുശ്ശി മാനാംകുളമ്പ് സ്കൂളിന് സമീപമാണ് ദാരുണ സംഭവം നടന്നത്. കടയിൽ പോയി സഹോദരനൊപ്പം ബൈക്കിൽ തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.