ഇടുക്കിയിലെ ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; കുറിപ്പ് കണ്ടെത്തി

ഇടുക്കി പുറ്റടിയില്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കുകയാണെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് വീടിന് തീപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹോളിക്രോസ് കോളജിന് സമീപത്തുള്ള ഒറ്റമുറി വീട്ടിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. ശ്രീധന്യയുടെ നിലവിളികേട്ടാണ് തീപിടിച്ച വിവരം അയല്‍വാസികള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയും ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.