നിരോധിക്കുകയാണെങ്കില്‍ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകളും ഉണ്ട്: എ.കെ ആന്റണി

ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അക്രമസംഭവങ്ങള്‍ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം. നിരോധിക്കുന്ന സംഘടനകള്‍ മറ്റു മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കും. നിരോധിക്കുകയാണെങ്കില്‍ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകള്‍ ഉണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നിരോധത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ട ഇടത്ത് നിര്‍ത്തണം. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെ വര്‍ഗീയത പടര്‍ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും അതുകൊണ്ട് തന്നെ ആര്‍എസ്എസിനെയും ഇത്തരത്തില്‍ നിരോധിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.