ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പൊലീസ് വരുമോ; ചോദ്യം പൊലീസിനോട് തന്നെ, ഒടുവില്‍ പിടി വീണു

വടി കൊടുത്ത് അടിവാങ്ങിയെന്ന് കേട്ടിട്ടില്ലേ… ആ അവസ്ഥയാണ് ഇപ്പോള്‍ പാലായിലെ രണ്ട് യുവാക്കള്‍ക്ക്. പാലാ മീനച്ചിലാറിന്റെ കടവില്‍ ഇരുന്ന് മദ്യപിക്കാന്‍ എത്തിയ യുവാക്കളാണ് സ്വയം കുരുക്കിലായത്.

ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പൊലീസ് വരുമോയെന്ന് യുവാക്കള്‍ അവിടെ മഫ്തി വേഷത്തില്‍ നിന്ന പൊലീസിനോട് ചോദിക്കുകയായിരുന്നു. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡിനൊപ്പം നിന്ന പാല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ കുരിയാലിമല എന്ന കെ.പി.ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം.

ചോദ്യത്തിന് പിന്നാലെ ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി കേസെടുക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഇടയില്‍ ഉണ്ടായ ഈ രസകരമായ സംഭവം കെ.പി.ടോംസണ്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

Read more