റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ഗുജറാത്ത് ടൈറ്റന്‍സ് എട്ട് വിക്കറ്റ് വിജയത്തോടെ ഐപിഎലില്‍ തങ്ങളുടെ രണ്ടാം വിജയം നേടിയിരിക്കുകയാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറിലാണ് ഗുജറാത്ത് മറികടന്നത്. ബാറ്റര്‍മാരും ബോളര്‍മാരുമെല്ലാം തിളങ്ങിയ ഗുജറാത്ത് നിരയില്‍ പ്രധാന സ്പിന്നറായ റാഷിദ് ഖാന്‍ മാത്രമാണ് നിറംമങ്ങിയത്. നാല് ഓവര്‍ ഏറിഞ്ഞ താരം 54 റണ്‍സാണ് വഴങ്ങിയത്.
വിക്കറ്റൊന്നും വീഴ്ത്താനുമായില്ല. ആര്‍സിബിയുടെ വെടിക്കെട്ട് വീരന്‍ ലിയാം ലിവിങ്‌സ്റ്റണ്‍ റാഷിദ് ഖാന്റെ പന്തില്‍ അഞ്ച് സിക്‌സറുകളാണ് നേടിയത്. ഒരേ ഒരു വിക്കറ്റ് മാത്രമാണ് ഈ സീസണില്‍ ഗുജറാത്തിനായി അഫ്ഗാന്‍ താരത്തിന്റെ സംഭാവന.റാഷിദ് ഖാന്റെ മോശം ഫോമില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുകയാണ്. റാഷിദ് ഖാന്റെ പന്തില്‍ ആര്‍ക്കും എളുപ്പത്തില്‍ സിംഗിളുകള്‍ എടുത്ത് മുന്നോട്ടുപോവാമെന്നാണ് ആകാശ് ചോപ്രയുടെ വിമര്‍ശനം.
പഴയതുപോലെ ബാറ്റര്‍മാരില്‍ സമ്മര്‍ദമുണ്ടാക്കാന്‍ റാഷിദിന് സാധിക്കില്ലെന്നും നിങ്ങള്‍ക്ക് അവനെ ഇപ്പോള്‍ ശരിക്കും വലിച്ചിഴയ്ക്കാമെന്നും ചോപ്ര പറയുന്നു. സിംഗിളിനായി എളുപ്പത്തില്‍ അവനെ തലങ്ങും വിലങ്ങും അടിക്കാം. ഇതിലൂടെ അവന്റെ ഓവറിലൂടെ കൂടുതല്‍ റണ്‍സ് എടുക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിക്കുന്നു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ റാഷിദിനെതിരെ ലിയാം ലിവിങ്‌സ്റ്റണ്‍ സിക്‌സറുകള്‍ നേടിയതെല്ലാം മുന്‍നിര്‍ത്തിയാണ് ആകാശ് ചോപ്രയുടെ വിമര്‍ശനം.