'താന്‍ അടിമാലിയില്‍ തന്നെയുണ്ട്'; മറിയക്കുട്ടിയുടെ മകള്‍ വിദേശത്താണെന്ന ദേശാഭിമാനി വാര്‍ത്ത വ്യാജം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ മകള്‍ വിദേശത്താണെന്ന ദേശാഭിമാനി വാര്‍ത്ത നിഷേധിച്ച് മകള്‍ പ്രിന്‍സി. അടിമാലിയില്‍ ലോട്ടറി കച്ചവടം നടത്തി വരുകയാണ് ദേശാഭിമാനി വാര്‍ത്തയില്‍ വിദേശത്തെന്ന് ആരോപിച്ച മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി. താന്‍ 37 വയസിനിടയില്‍ ഇതുവരെ കേരളം വിട്ട് പുറത്ത് പോയിട്ടില്ലെന്ന് പ്രിന്‍സി പറഞ്ഞു.

‘പെന്‍ഷന്‍ യാചനാ സമരം സെറ്റിട്ട നാടകം’ എന്നായിരുന്നു മറിയക്കുട്ടിയെ കുറിച്ച് കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. സ്വിറ്റ്‌സര്‍ലന്റിലുള്ള മകള്‍ പ്രിന്‍സിയുടെ പേരിലുള്ള വീട്ടിലാണ് മറിയക്കുട്ടി താമസിക്കുന്നത്. കൂടാതെ മറ്റൊരു വീടും മകള്‍ക്കുണ്ട്. അത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് എന്നതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം.

വാര്‍ത്തയില്‍ പറയുന്ന മകള്‍ പ്രിന്‍സി താനാണ്. താന്‍ ഉള്‍പ്പെടെയുള്ള മറിയക്കുട്ടിയുടെ നാല് പെണ്‍മക്കളില്‍ ആരും തന്നെ വിദേശത്തില്ല. വീടും സ്ഥലവും നേരത്തെ അമ്മ തന്റെ പേരില്‍ എഴുതി നല്‍കിയിരുന്നു.ആ വീട്ടില്‍ തന്നോടോപ്പമാണ് അമ്മ താമസിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി രോഗം കാരണം താന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് അമ്മസ്ഥലം തന്റെ പേരിലാക്കുന്നതെന്നും പ്രിന്‍സി വ്യക്തമാക്കി.

മറ്റുള്ളവര്‍ പറഞ്ഞാണ് വാര്‍ത്തയെപ്പറ്റി താന്‍ അറിഞ്ഞത്. വാര്‍ത്ത കേട്ട് അത്ഭുതപ്പെട്ടു. താന്‍ ഇതുവരെ കേരളം വിട്ട് പുറത്ത് പോയിട്ടില്ല. വാടക കെട്ടിടത്തിലാണ് താനും ഭര്‍ത്താവും നടത്തുന്ന ലോട്ടറിക്കടപോലും പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ നാല് പെണ്‍മക്കളാണ്. ഒരാള്‍ വയനാട്ടിലും മറ്റൊരാള്‍ ഡല്‍ഹിയിലും മൂന്നാമത്തെയാള്‍ ഇവിടെ അടുത്തുമാണ് താമസമെന്നും പ്രിന്‍സി കൂട്ടിച്ചേര്‍ത്തു.

മറിയക്കുട്ടിക്കും അന്നത്തിനും പെന്‍ഷന്‍ മുടങ്ങിയതിന് കാരണം കോണ്‍ഗ്രസ് പഞ്ചായത്തംഗമാണെന്ന ദേശാഭിമാനി വാര്‍ത്തയിലെ ആരോപണം തെറ്റാണെന്ന് അടിമാലി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെംബര്‍ ജിന്‍സി മാത്യു പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയത് താന്‍ കാരണമെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. സിപിഎം ഇല്ലാക്കഥകള്‍ പ്രച്ചരിപ്പിക്കുന്നു. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജിന്‍സി മാത്യു അറിയിച്ചു.