വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കന്നതായി ആരോപിച്ച് യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ് രംഗത്ത്. വിഷയത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഷൈലജയെ വ്യക്തപരമായി അപകീർത്തിപ്പെടുത്തുന്ന തരത്തിലാണു പ്രചാരണമെന്നാണ് പരാതി.
ഷൈലജയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നും യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ അറിവോടെയാണിതെന്നുമാണ് പരാതിയിലെ ആരോപണം. ഷാഫി പറമ്പിൽ ഇതിനു കൂട്ടുനിൽക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസ് മേധാവി, ഐജി, കലക്ടർ എന്നിവർക്കും പരാതി കൈമാറിയിട്ടുണ്ട്.
ഇടതുമുന്നണിയുടെ പരാതിയിൽ ശൈലജയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടക്കുന്നതായാണു പറയുന്നത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും എൽഡിഎഫ് ആരോപിച്ചു. അതേസമയം കോവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ടു നുണപ്രചാരണം നടക്കുന്നതായി ശൈലജ നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു.