തിരുവനന്തപുരത്ത് നവവധുവിന്റെ മരണത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. പാലോട് സ്വദേശി ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസുമാണ് അറസ്റ്റിലായത്. ഭര്‍ത്താവ് അഭിജിത്താണ് കേസില്‍ ഒന്നാം പ്രതി. സുഹൃത്ത് അജാസ് കേസില്‍ രണ്ടാം പ്രതിയാണ്. തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മര്‍ദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അജാസിനെയും അഭിജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ അജാസ് ഇന്ദുജയെ മര്‍ദ്ദിച്ച വിവരം അഭിജിത്ത് വെളിപ്പെടുത്തി.
ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചെന്നാണ് അഭിജിത്ത് പൊലീസിന് നല്‍കിയ മൊഴി. ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. അജാസിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇന്ദുജയുമായി അടുത്ത ബന്ധമുള്ളതായി പൊലീസിന് മനസിലായി.
Read more
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഇന്ദുജ അവസാനമായി വിളിച്ചതും അജാസിനെ ആയിരുന്നു. നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിജിത്തിനെതിരെ ഭര്‍തൃ പീഡനം, മര്‍ദ്ദനം ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തും. അജാസിന് എതിരെ ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തും.