ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആണ്‍ സുഹൃത്ത് ബിനോയിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ നിർദേശപ്രകാരമാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ഏതാനും ദിവസം മുമ്പാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.
കേസിൽ അറസ്റ്റിലായ ഇൻഫ്ലുവൻസർ കൂടിയായ ബിനോയിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ പേജിൽ കൂടുതലും ഇരുവരുടെയും വിഡിയോകളായിരുന്നു പിന്നീടങ്ങോട്ട്. എന്നാൽ പിന്നീട് ഈ ബന്ധം ഇരുവരും ബന്ധം ഉപേക്ഷിച്ചിരുന്നു. തുടർന്ന് പേജിൽ ഒപ്പമുണ്ടായിരുന്ന ബിനോയിയുടെ വിഡിയോകൾ കാണാതാവുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ പോസ്റ്റുകൾക്കും റീലുകൾക്കും താഴെ അധിക്ഷേപ കമന്‍റുകൾ നിറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപോർട്ടുകൾ.
മകളുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറായ ബിനോയിയെ സംശയിക്കുന്നതായും പെൺകുട്ടിയുടെ അച്ഛൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വന്നിരുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇതേ തുടർന്നാണ് അന്വേഷണം ബിനോയിയിലേക്ക് വരുന്നത്.
പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനോയി അറസ്റ്റിലാകുന്നത്. പൂജപ്പുര പൊലീസാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശിയായ ഇയാൾ ഇൻഫ്ലുവൻസർ കുടിയാണ്. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.