മരണാനന്തര ജീവിതത്തെ കുറിച്ച് അന്വേഷണം; കാണാതായ അദ്ധ്യാപിക ഉള്‍പ്പെടെ മൂന്ന് മലയാളികളുടെ മൃതദേഹം ഇറ്റാനഗറില്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപിക ആര്യയെ കോട്ടയം സ്വദേശികളായ ദമ്പതിമാര്‍ക്കൊപ്പം ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയത്ത് നിന്നുള്ള നവീന്‍ ഭാര്യ ദേവി എന്നിവരുടെ മൃതദേഹത്തിനൊപ്പമാണ് ആര്യയുടെയും മൃതദേഹം ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.

ആര്യയെ മാര്‍ച്ച് 27ന് ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെ സഹപ്രവര്‍ത്തകയായിരുന്ന ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ദമ്പതികള്‍ വിനോദയാത്ര പോകുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു.

പൊലീസ് അന്വേഷണത്തില്‍ മൂവരും ചേര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മൂവരുടെയും മരണ വിവരം അറിയിച്ചത്. ശരീരത്തില്‍ മുറിവുകളുണ്ടാക്കിയാണ് മൂവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നുവെന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചിരുന്നതായും പൊലീസ് ഇവരുടെ ഫോണ്‍ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.