എറണാകുളം കിഴക്കമ്പലത്ത് കിറ്റെക്‌സ് ഗാർമെന്റ്‌സിലെ തൊഴിലാളികളും പൊലീസും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 174 ഓളം അന്തർസംസ്ഥാന തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും സാമൂഹിക സംരക്ഷണ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് ന്യൂ ട്രേഡ് യൂണിയൻ ഇനിഷ്യേറ്റീവും പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷനും ആരോപിച്ചു.
ജാർഖണ്ഡ്, ഒഡീഷ, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അറസ്റ്റിലായ തൊഴിലാളികൾക്ക് നിയമസഹായം നൽകാൻ സർക്കാരിന്റെയും കമ്പനി മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് യൂണിയനുകളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കഴിഞ്ഞ ഒരു മാസമായി തൊഴിലാളികൾ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ സർക്കാരിന്റെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഇടപെടൽ അഭ്യർത്ഥിക്കുന്നതായി ന്യൂ ട്രേഡ് യൂണിയൻ ഇനീഷ്യേറ്റീവ് പ്രസിഡന്റ് എം. ശ്രീകുമാറും പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷൻ ചെയർപേഴ്‌സൺ ജോർജ് മാത്യുവും പ്രസ്താവനയിൽ അറിയിച്ചു.
കിഴക്കമ്പലത്ത് ഡിസംബർ 25 ന് ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു എന്ന് ട്രേഡ് യൂണിയൻ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എന്നാൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധത്തിനും രോഷത്തിനും പിന്നിലെ കാരണങ്ങൾ മനസ്സിലാക്കി പരിഹാരം കാണുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അന്തർസംസ്ഥാന തൊഴിലാളികൾ പരിതാപകരമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്നും ഇവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും ആദിവാസികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്. അറസ്റ്റിലായവരുടെ വിവരങ്ങൾ അവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായും പങ്കിടാൻ അധികാരികൾ മുൻകൈയെടുക്കണമെന്നും യൂണിയൻ പ്രതിനിധികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂർണരൂപം:
ജയിലിൽ കഴിയുന്ന 174അന്തർസംസ്ഥാന തൊഴിലാളികൾക്ക് മനുഷ്യാവകാശവും സാമൂഹ്യജീവിതവും തൊഴിൽനിയമ സംരക്ഷണവും അടിയന്തിരമായി ഉറപ്പാക്കുക
എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിൽ ഉണ്ടായ സംഭവത്തിൽ 174 അന്തർസംസ്ഥാന തൊഴിലാളികൾ സംസ്ഥാന തൊഴിലാളികൾ ഒരു മാസത്തിൽ അധികമായി ദിവസമായി ജയിലിൽ തടങ്കലിലാണ്. മനുഷ്യാവകാശത്തിന്റേയും തൊഴിൽ നിയമത്തിന്റേയും നഗ്നമായ ലംഘനമാണിത്. അടിമതുല്യമായ ജീവിതം നയിക്കുന്ന ഈ തൊഴിലാളികളെ മനുഷ്യരായികാണാൻ പോലും ഗവർമെന്റും തൊഴിലുടമയും തയ്യാറാകുന്നില്ല. ജയിലിൽകഴിയുന്ന ഈ തൊഴിലാളികളുടെ കുടുംബങ്ങളുമായോ സംസ്ഥാന ഗവർമെന്റുകളുമായോ ബന്ധപ്പെട്ട് അറസ്റ്റ് വിവരങ്ങൾ കൈമാറാനോ , ഇവർക്കാവശ്യമായ നിയമ സംരക്ഷണങ്ങൾ ഏർപ്പെടുത്താനോ, ജയിലിൽ പ്രാഥമിക സൗകര്യങ്ങളേർപ്പെടുത്താനോ ഇതുവരെയാരും തയ്യാറായിട്ടില്ല. അടിയന്തിരമായി ഈ തൊഴിലാളികൾക്ക് ജാമ്യം ലഭിക്കാനും, നിരപരാധികളെ കേസ്സിൽനിന്ന് ഒഴിവാക്കാനുമുള്ള നിയമ നടപടികൾ സ്വീകരിക്കാനും ഇവരുടെ കുടുംബങ്ങളുമായും തനത് സംസ്ഥാന ഗവർമെന്റുകളുമായും വിവരങ്ങൾ കൈമാറാനും കേരളാഗവർമെന്റും തൊഴിലുടമയും തയ്യാറാകണമെന്ന് ന്യൂ ട്രേഡ് യൂണിയൻ ഇൻഷ്യേറ്റീവും (NTUI) പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷനും സംയുക്തമായി ആവശ്യപ്പെടുന്നു. സംസ്ഥാന ഗവർമെന്റുകളുടേയും തൊഴിൽ വകുപ്പിന്റേയും ലീഗൽ സർവ്വീസ് സൊസൈറ്റിയുടേയും മനുഷ്യാവകാശ കമ്മീഷന്റേയും അടിയന്തര ഇടപെടൽ ഈ രംഗത്താവശ്യപ്പെടുന്നു. ഇല്ലങ്കിൽ തൊഴിലാളികളേയും ജയിലിൽ കഴിയുന്നവരുടെ കുടുംബങ്ങളേയും അണിനിരത്തി ശക്തമായ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും തയ്യാറാകേണ്ടിവരുമെന്ന് NTUI യും പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷനും സംയുക്തമായി അറിയിക്കുന്നു. മനുഷ്യത്വപരമായ നീതിക്ക് വേണ്ടിയുള്ള ഈ സമരത്തിൽ എല്ലാ തൊഴിലാളി സംഘടനകളുടേയും ജനാധിപത്യ പ്രസ്ഥാനങ്ങളുടേയും മാധ്യമങ്ങളുടേയും സഹായ- സഹകരണങ്ങൾ ഞങ്ങളഭ്യർത്ഥിക്കുന്നു.
ഇൻഡ്യയിലെതന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള ദരിദ്ര-ആദിവാസിവിഭാഗങ്ങളിൽ നിന്നുള്ളവരാണ് ബഹുഭൂരിപക്ഷം അന്തർസംസ്ഥാന തൊഴിലാളികളും. ഇപ്പോൾ ജയിലിൽകഴിയുന്ന ഭൂരിപക്ഷം തൊഴിലാളികളും ജാർഖണ്ഡിൽനിന്നുള്ള ആദിവാസികളാണ്. കീറ്റക്സിലെ ലേബർ ക്യാമ്പിൽ അടിമതുല്ല്യമായ ജീവിതമാണവർ നയിക്കുന്നത്. തുച്ഛമായ കൂലിയും ഭക്ഷണവും അടച്ചുപൂട്ടിയ താമസവും നൽകുന്നെന്ന് പറയുമ്പോഴും വ്യക്തിപരമായ സ്വാതന്ത്ര്യം, ആരാധനാലയങ്ങൾ, കമ്പോളങ്ങൾ, പാർക്കുകളും ബീച്ചുകളും എന്നിവയൊക്കെ സന്ദർശിച്ചുള്ള സാമൂഹ്യ ജീവിതം, വിനോദങ്ങൾ, നാട്ടുകാരുമായുള്ള സമ്പർക്കം എന്നീ ജനാധിപത്യപരവും വ്യക്തിപരവുമായ എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിഷേധിച്ചു കൊണ്ടുള്ള അടിമതുല്യമായ ലേബർ ക്യാമ്പുകളാണ് കീറ്റെക്സിലും സമാന ഇടങ്ങളിലുമുള്ളത്. ഇവിടെയൊക്കെയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഗുണ്ടകളേപ്പോലെയാണ് ഇവരോട് പെരുമാറുന്നത്. ഇത്തരം സെക്യൂരിറ്റികളും തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് പൊലീസ് ഇടപെടലിലേക്ക് നയിച്ചത്. തൊഴിലാളികളുടെ ഭാഗം മനസ്സില്ലാക്കാതെ (ഭാഷാ പ്രശ്നമുണ്ടാകാം ) പൊലീസും സെക്യൂരിറ്റിയോടൊപ്പം ചേർന്ന് ഏക പക്ഷിയമായി ഇവരെ അടിച്ചൊതുക്കാനാണ് ശ്രമിച്ചത്. അതിനിടയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെങ്കിലും രോഷപ്രകടനത്തിന്റേയും പ്രതിഷേധങ്ങളുടേയും കാരണങ്ങൾ പൊലീസും മനസ്സിലാക്കേണ്ടിയിരുന്നു. ഇത് കാണാതെ ഇതൊരു കലാപശ്രമമായും ഗൂണ്ടാ ആക്രമണമായും ചിത്രീകരിച്ച് ജാമ്യമില്ലാവകുപ്പുകൾ ചുമത്തി 174 തൊഴിലാളികളെ ദിവസങ്ങളായി ആരോരും തിരിഞ്ഞു നോക്കാതെ ജയിലിലിട്ടിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടുന്നത് സമൂഹത്തിലാദ്യമല്ല. എന്നാൽ ചരിത്രത്തിൽകാണാത്ത നിലയിലുള്ള പ്രതികാര ബുദ്ധിയോടെയാണ് പൊലീസ് ഈ തൊഴിലാളികളെ നേരിടുന്നത്. തൊഴിലുടമതന്നെ പൊലീസിന്റെ ഈ നടപടിയും തൊഴിലാളികളുടെ മേൽകേസ് ചാർജ് ചെയ്ത് ജയിലിലടച്ചിരിക്കുന്നതും അന്യായമാണന്ന് പറയുന്നുണ്ടെങ്കിലും ഇവർക്ക് നിയമ സംരക്ഷണമേർപ്പെടുത്താനോ ഇവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ ജയിലിൽ പ്രാഥമിക സൗകര്യങ്ങളായ വസ്ത്രം, സോപ്പ്, പേസ്റ്റ്, മരുന്നുകൾ തുടങ്ങിയവ എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനോ ഇതുവരെ തയ്യാറായിട്ടില്ല. ഭരണകൂടവും തൊഴിലുടമയും കാണിക്കുന്ന നീതിയുടേയും നിയമത്തിന്റേയും അവകാശങ്ങളുടേയും ഇത്തരം നിഷേധങ്ങൾ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ ജനാധിപത്യ സമൂഹത്തിന് കഴിയില്ല. കേരളത്തിന് തന്നെ അപമാനകരമാണിത്.
കീറ്റെക്സിൽ മാത്രമല്ല അന്തർസംസ്ഥാന സംസ്ഥാന തൊഴിലാളികൾ കൂട്ടമായി പണിയെടുക്കുന്ന വൻകിടനിർമ്മാണ മേഖല, ഗാർമെന്റ് യൂണിറ്റുകൾ, മത്സ്യ-മാംസ സംസ്കരണശാലകൾ തുടങ്ങി പലമേഖലകളിലെ ലേബർ ക്യാമ്പുകളുടെ സ്ഥിതികൾ അടിമതുല്ല്യവും ഭയാനകവുമാണ്. ജീവിത ബുദ്ധിമുട്ടുകൊണ്ട് ക്ഷമയുടെ നെല്ലിപ്പടിവരെ പോകാൻ തൊഴിലാളികൾ തയ്യാറാണങ്കിലും ജനാധിപത്യവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും നിയമസംരക്ഷണങ്ങളുമെല്ലാം നിഷേധിക്കുന്ന അടിമതുല്യമായ സാഹചര്യങ്ങളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് തൊഴിലാളികളെ പ്രേരിപ്പിക്കുന്നതെന്ന അടിസ്ഥാന കാരണം കാണാൻ ഭരണകൂടവും മാധ്യമങ്ങളും സമൂഹവും മഖ്യധാരാ രാഷ്ട്രിയപ്രസ്ഥാനങ്ങളും തയ്യാറാകേണ്ടതുണ്ട്. തൊഴിലാളികളുടെ പ്രതികരണങ്ങളെ ഗുണ്ടാ ആക്രമണം, മയക്കുമരുന്നു മാഫിയാക്രമണം എന്നിങ്ങനെ മാത്രം ചിത്രീകരിക്കുന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല.
അന്തർസംസ്ഥാന തൊഴിലാളികളെയാകെ സാമൂഹ്യ വിരുദ്ധരായി ചിത്രികരിച്ച് പൊതുസമൂഹത്തിൽ നിന്ന് ഒറ്റെപ്പെടുത്തി നിർത്തുന്നത് അവരുടെ സംഘടിക്കാനുള്ള അവകാശം നിഷേധിച്ച് കൂടുതൽ ചൂഷണം ചെയ്യുന്നതിനാണ്. കിഴക്കമ്പലത്ത് കീറ്റക്സിലുണ്ടായ സംഭവത്തിന്റെ പേരിൽ 174 തൊഴിലാളികളെ യാതൊരു സംരക്ഷണവുമില്ലാതെ, ആരും തിരിഞ്ഞു നോക്കാതെ ജയിലിലടച്ചിരിക്കുന്നതും തൊഴിലാളികളെയാകെ ഭയപ്പെടുത്തി നിർത്തുന്നതിനുള്ള തൊഴിലുടമയുടേയും ഭരണകൂടത്തിന്റയും തന്ത്രമാണ്. ഇത് ഇടതുപക്ഷത്തിന്റേയും നവോഥാനത്തിന്റേയും പാരമ്പര്യത്തിൽ ഊറ്റംകൊള്ളുന്ന കേരളത്തിന് തന്നെ അപമാനകരമാണ്. തൊഴിലാളികളുടെ ജനാധിപത്യവകാശങ്ങും വ്യക്തിസ്വാതന്ത്ര്യങ്ങളും സംഘടിക്കാനുള്ള അവകാശങ്ങളും നിയമസംരക്ഷണ വുമെല്ലാം അനുവദിച്ചുകൊണ്ടും അനുഭവിപ്പിച്ചു കൊണ്ടും മാത്രമേ വ്യവസായന്തരീക്ഷം സൗഹൃദപരവും സമാധാനപരവുമാക്കാൻ കഴിയൂ. മാനേജ്മെന്റ് – തൊഴിലാളി – ഭരണകൂടം എന്നി ത്രികക്ഷി കൂട്ടായ്മയുടേയും ജനാധിപത്യ ഇടപെടലിന്റെയും പ്രസക്തി ഇവിടെയാണ്. എന്നാൽ ഇന്ന് തൊഴിലുടമയും ഭരണകൂടവുമൊന്നായി ചേർന്ന് തൊഴിലാളിക്കുള്ളയെല്ലാ സംരക്ഷണവും അവകാശങ്ങളും ഇല്ലാതാക്കി കടുത്ത ചൂഷണത്തിനിരയാക്കുകയാണ്. അതാണ് കീറ്റെക്സുൾപ്പെടെയുള്ള എല്ലാ തൊഴിൽ മേഖലയിലും സംഭവിക്കുന്നത്. ഇതാണ് വ്യവസായ മേഖലയുടെ സമാധാനപരമായ അന്തരിക്ഷം തകർക്കുന്നത്. അവകാശ നിഷേധങ്ങളും അടിച്ചമർത്തലുകളുമെല്ലാം കലാപങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിക്കുമെന്ന് സ്പാർട്ടക്കസിന്റെ കാലം മുതൽ ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തൊഴിൽ മേഖലയിലെ ജനാധിപത്യവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, നിയമ സംരക്ഷണങ്ങൾ, തൊഴിലവകാശങ്ങൾ എന്നിവയുടെ സംരക്ഷണം കിഴക്കമ്പലത്ത് കീറ്റെക്സിൽ ഉണ്ടായപോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനും വ്യവസായമേഖലയിൽ സമാധാനന്തരീക്ഷം സൃഷ്ടിക്കാനും ആവശ്യമാണെന്ന് ഞങ്ങളഭ്യർത്ഥിക്കുന്നു. ഇതിന് വേണ്ടി എല്ലാ തൊഴിലാളി സംഘടനകൾ, ജനാധിപത്യ-മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, രാഷ്ട്രിയപ്രസ്ഥാനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും സഹായ സഹകരണങ്ങൾ ഒരിക്കൽകൂടി ഞങ്ങളഭ്യർത്ഥിക്കുന്നു.
നേതൃത്വത്തിൽ തൊഴിലാളികൾക്ക് നിയമ സഹായംനൽകി എല്ലാ തൊഴിലാളികൾക്കും ജാമ്യം ലഭ്യമാക്കുകയും ഹിന്ദി ഭാഷകൂടിയറിയാവുന്നവർക്ക് ചുമതലനൽകി ഇതിന് വേണ്ടി പ്രത്യേകം ഹെൽപ്പ് ഡസ്ക്ക് തയ്യാറാക്കുകയും തൊഴിൽ വകുപ്പ് കൂടി ഇതിന് വേണ്ടി മുൻകൈയെടുക്കുക. സ്വകാര്യ എജന്റ്മാർ വഴി അഭിഭാഷകർ ഈ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന അവസരമൊഴിവാക്കാൻ ലീഗൽ സർവ്വീസ് സെല്ലും തൊഴിൽ വകുപ്പും ഫലപ്രദമായി ഇടപെടുക. ജയിലിൽ കഴിയുന്ന തൊഴിലാളികൾക്ക് വസ്ത്രം, സോപ്പ്, പേസ്റ്റ് തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ അടിയന്തരമായി ലഭ്യമാക്കുക. ജയിലിൽ കഴിയന്ന എല്ലാ തൊഴിലാളി കുടുബങ്ങളേയും സംസ്ഥാന ഗവർമെന്റുകളേയും പൂർണ വിവരങ്ങൾ അറിയിക്കുക. പ്രതികാരബുദ്ധിയോടെയുള്ള പൊലീസ് സമീപനമൊഴിവാക്കി വസ്തുതകൾ അന്വേഷിച്ച് കണ്ടെത്തുകയും കെട്ടിച്ചമച്ച കേസുകൾ പിൻവലിക്കുകയും ചെയ്യുക. ലേബർ ക്യാമ്പുകളിൽ ജനാധിപത്യാവകാശങ്ങളും മനഷ്യാവകാശങ്ങളും തൊഴിൽനിയമ സംരക്ഷണവും സാമൂഹ്യ ജീവിതവും ഉറപ്പാക്കുക. തൊഴിൽ വകുപ്പ് ഇത്തരം പരിശോധനകൾ കൃത്യമായി നടത്തി ഉറപ്പു വരുത്തുക. വ്യാവസായ സ്ഥാപനങ്ങളിൽ തൊഴിലുടമ -തൊഴിലാളി – സർക്കാർ പ്രതിനിധി എന്നീ തൃകക്ഷി ജനാധിപത്യ സംവിധാനം ഉറപ്പാക്കി പ്രശ്നങ്ങൾ കാലാകാലങ്ങളിൽ ചർച്ച ചെയ്ത് സമാധാനന്തരീക്ഷം ഉറപ്പാക്കുക.
എം ശ്രീകുമാർ
പ്രസിഡന്റ്
ന്യൂ ട്രേഡ് യൂണിയൻ ഇനി ഷേറ്റീവ്
Mob 6282586731
Read more
ജോർജ് മാത്യു
ചെയർപേഴ്സൺ
പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷൻ
Mob 9447301567