സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്ന ചില്ലിക്കാശു പോലും സുരക്ഷിതമായിരിക്കും; ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ തകര്‍ക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സഹകരണ മേഖലയില്‍ നിക്ഷേപിക്കുന്ന ചില്ലിക്കാശു പോലും സുരക്ഷിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളസമൂഹത്തിന്റെ നട്ടെല്ലായ സഹകരണ മേഖലയെ തകര്‍ത്താല്‍ മാത്രമേ കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യവും സമാധാനവും തൊഴിലാളിവര്‍ഗ്ഗ കാഴ്ചപ്പാടുമെല്ലാം ഇല്ലാതാക്കാന്‍ കഴിയൂവെന്ന് ചില ഛിദ്രശക്തികള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ സഹകരണ മേഖലയ്ക്കെതിരെ വലിയ തോതിലുള്ള ആക്രമണം നടക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ മേഖലയെയും പുരോഗമന പ്രസ്ഥാനങ്ങളെയും ഒന്നാകെ തകര്‍ത്തുകളയാമെന്ന് കരുതി ചിലര്‍ മുന്നിട്ടിറങ്ങുന്നുണ്ട്. അതിനെതിരായ ചെറുത്തുനില്‍പ്പും മറുപടിയുമാകണം മുപ്പത്തടം സര്‍വീസ് സഹകരണ ബാങ്ക് പോലെയുള്ള ജനകീയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം – മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള അവിശുദ്ധ കാര്യങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ തുടര്‍ന്നും കര്‍ശന നടപടിയുണ്ടാകും. വിശ്വാസ്യതയാണ് എക്കാലവും ഈ മേഖലയെ വളര്‍ത്തിയിട്ടുള്ളത്. ഇതില്‍ സഹകാരികളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം ഏറെ സഹായകരമായിട്ടുണ്ട്.

സഹകരണ സ്ഥാപനത്തില്‍ നിക്ഷേപിക്കുമ്പോള്‍ നമ്മള്‍ സമൂഹത്തെ സഹായിക്കുക കൂടെയാണ് ചെയ്യുന്നത്. വായ്പ നല്‍കുന്നതിന്റെ പരിധിയില്‍ നിന്നുകൊണ്ട് കൂടുതല്‍ തുക വായ്പയായി നല്‍കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. വായ്പ നല്‍കല്‍ മാത്രമല്ല ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കുന്നുണ്ട്.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചാണ് ഓരോ സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്നത്. ക്രഡിറ്റ് സംഘങ്ങള്‍ക്ക് മാതൃകാപരമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞതിന്റെ ഭാഗമായാണ് കേരള ബാങ്ക് രൂപീകൃതമായത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായി കേരള ബാങ്ക് മാറിയിരിക്കുന്നു. എല്ലാ സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അത് കൂടുതല്‍ ശക്തി പ്പെടും.

കേരളത്തിലെ സഹകരണ മേഖലയില്‍ രണ്ടര ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഈ സഹകരണ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ട് ഈ പണമെല്ലാം വാണിജ്യ ബാങ്കുകളുടെ കൈകളിലെത്തിച്ചാല്‍ അവ കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം നല്‍കാനാകുമെന്ന ചിലരുടെ കുത്സിത ചിന്ത കൂടിയാണ് സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ പ്രചാരണത്തിനു പിന്നില്‍. കഴിഞ്ഞ പത്തു വര്‍ഷംകൊണ്ട് 15 ലക്ഷത്തോളം കോടി രൂപയാണ് കോര്‍പ്പറേറ്റുകളുടെ വായ്പാ ഇനത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഈ പണം ഈടാക്കാന്‍ പല തരത്തിലുള്ള ചാര്‍ജ്ജുകള്‍ സാധാരണക്കാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് സാധാരണക്കാരന്റെ പണം യഥേഷ്ടം നല്‍കാനുള്ള ഉപാധിയായിക്കൂടിയാണ് സഹകരണ മേഖലയെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചിലര്‍ ഏറ്റെടുക്കുന്നത്.
ഈ മാതൃക നേരത്തെ തന്നെ പല സംസ്ഥാനങ്ങളിലും നമ്മള്‍ കണ്ടതാണ്. . മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങുകയും അവ സാധാരണക്കാരുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്നു. ഇതുകൂടാതെയാണ് ന്യൂ ജനറേഷന്‍ ബാങ്കുകള്‍ നടത്തുന്ന കള്ളപ്പണം വെളുപ്പിക്കലും ദേശസാത്ക്കൃത ബാങ്കുകകളില്‍ നടക്കുന്ന വായ്പാ തട്ടിപ്പും. ഇവയ്ക്കൊന്നുമെതിരെ അന്വേഷണങ്ങള്‍ ഉണ്ടാകുന്നില്ല.

കേരളത്തില്‍ നിലവിലുള്ള 16,000 ത്തിലധികം സഹകരണ സ്ഥാപനങ്ങളില്‍ ഒന്നോ രണ്ടോയിടത്ത് നടന്ന ക്രമക്കേടുകളെ വലിയ സംഭവമാക്കി കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് അതു സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ കൈവിടുകയല്ല, കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.