കിഷനാട്ടം കേരളത്തിലെ ജില്ലയോ? രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാനത്തും, ബിരുദങ്ങള്‍ റദ്ദാകും; പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ട് യൂണിവേഴ്‌സിറ്റികള്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പട്ടിക പ്രകാരം സംസ്ഥാനത്ത് രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലം ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിന്‍ ആണ് ഒടുവിലായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഓഗസ്റ്റില്‍ പുറത്തുവിട്ട പട്ടിക പ്രകാരം കേരളത്തില്‍ നിന്ന് ഒരു സര്‍വകലാശാല മാത്രമാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി കിഷനാട്ടം എന്ന സര്‍വകലാശാലയാണ് പട്ടികയില്‍ ആദ്യം ഇടം നേടിയിരുന്നത്. കിഷനാട്ടം എന്ന കേരളത്തിലെ ജില്ലയിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

പുതിയ പട്ടിക പ്രകാരം രാജ്യത്ത് ആകെ 21 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകള്‍ ഡല്‍ഹിയിലാണ്. രാജ്യ തലസ്ഥാനത്തെ എട്ട് വ്യാജ സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാനുള്ള നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വ്യാജ സര്‍വകലാശാലകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതോടെ വ്യാജ സര്‍വകലാശാലകള്‍ നല്‍കിയ ബിരുദങ്ങളുടെ അംഗീകാരവും നഷ്ടമായി. വ്യാജ സര്‍വകലാശാലകളുടെ പേര് വിവരങ്ങള്‍ യുജിസി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.