ഐ.എസ്.ആർ.ഒ ചാരക്കേസ്; നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെ: ഹൈക്കോടതിയിൽ സി.ബി.ഐ

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെയാണെന്ന് സി.ബി.ഐ. നമ്പി നാരായണനെതിരായ കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുന്നതായും സിബിഐ പറഞ്ഞു. കേരള ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ചാരക്കേസിന് പിന്നിലുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും പ്രതികളുടെ ജാമ്യഹർജിയെ എതിർത്തുള്ള വാദത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു.

നമ്പി നാരായണനെ കേസിൽ അകപ്പെടുത്തിയതിലൂടെ ഇന്ത്യയിൽ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം വൈകിയതാണ് അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കാൻ പ്രധാന കാരണമായി സിബിഐ പറയുന്നത്. രേഖകളോ തെളിവോ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്നും സിബിഐ പറയുന്നു.

Read more

മൂന്ന് മുൻ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ആണ് സിബിഐയുടെ മറുവാദം. ഉദ്യോഗസ്ഥർ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്ന് കുറ്റപ്പെടുത്തിയ സിബിഐ അഭിഭാഷകൻ, ഇവർക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ ഭയപ്പെടുത്താൻ സാദ്ധ്യത ഉണ്ടെന്നും കോടതിയിൽ വാദിച്ചു.