ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാന്‍ ധാരണയായി; ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് നട തുറക്കും

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ നിയന്ത്രണാതീതമായ തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടാന്‍ ധാരണയായി. ദേവസ്വം ബോര്‍ഡ് തന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ മുന്‍പേ നട തുറക്കാനാണ് ധാരണയായത്. പുലര്‍ച്ചെ 3ന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അടയ്ക്കുകയും തുടര്‍ന്ന് 4ന് തുറക്കുന്നതുമാണ് പതിവ്.

എന്നാല്‍ ഇന്ന് മുതല്‍ ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ നേരത്തെ നട തുറക്കും. അതേ സമയം തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെത്തി. ദക്ഷിണ മേഖല ഐജി സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് ക്യാമ്പ് ചെയ്തിട്ടുള്ളത്. ദര്‍ശനം പൂര്‍ത്തിയാക്കുന്നവരെ വേഗത്തില്‍ മടക്കി അയയ്ക്കാനാണ് പൊലീസ് തീരുമാനം.

ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക് തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്ന് ദര്‍ശന സമയം രണ്ട് മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ ദര്‍ശന സമയം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് തന്ത്രിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.