മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. എം.എസ്.എഫ്- ഹരിത തർക്കത്തിൽ വിവാദം ഇനിയും അവസാനിക്കാത്തതിനാൽ ഇന്നത്തെ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. രാവിലെ 10 മണിക്ക് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം. വനിതാ കമ്മീഷനില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതി പിൻവലിക്കണമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി യോഗം ചര്‍ച്ച ചെയ്യും.
എം.എസ്.എഫ്- ഹരിത വിവാദം അവസാനിച്ചെന്നും ഇരു വിഭാഗത്തിന്റെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് അന്തിമ തീരുമാനമെടുത്തതെന്നുമാണ് ലീഗ് നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഹരിത- എം.എസ്.എഫ് തർക്കത്തിൽ പാർട്ടി തീരുമാനത്തിനെതിരെ എം.എസ്.എഫ് ദേശിയ വൈസ് പ്രസിഡന്റും മുൻ ഹരിത ഭാരവാഹിയുമായ ഫാത്തിമ തഹ്‌ലിയ പരസ്യ പ്രതികരണം നടത്തി. ഈ സാഹചര്യം ഗൗരവമായാണ് നേതൃത്വം കാണുന്നത്. ഇന്നത്തെ ഉന്നതാധികാര സമിതി യോഗത്തിൽ വിഷയത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും.
ഇതോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ മുസ്‌ലിം ലീഗ് രൂപീകരിച്ച പത്തംഗ സമിതി സമർപ്പിച്ച ഭാവിപ്രവർത്തന നയരേഖയിലും വിശദമായ ചർച്ച നടക്കും. കമ്മിറ്റി മുന്നോട്ടു വെയിക്കുന്ന സുപ്രധാന നിർദേശം നേതാക്കള്‍ അണികളിലേക്ക് ഇറങ്ങണമെന്നതാണ്. വാർഡ് തലത്തിലുള്ള ഭാരവാഹികളുമായി സംസ്ഥാന നേതൃത്വം നേരിട്ട് സംവദിക്കണമെന്നും സമിതി നിർദേശിക്കുന്നു.
Read more
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.കെ.മുനീര്‍ ഉള്‍പ്പെടെ പത്ത് പേരാണ് ഉന്നതാധികാര സമിതിയിലുള്ളത്. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല.