ഡി.ജി.പി. ജേക്കബ് തോമസിനു സ്വയം വിരമിക്കല്‍ (വി.ആര്‍.എസ്) അനുവദിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിനു കേന്ദ്രനിര്‍ദേശം. വി.ആര്‍.എസ്. ആവശ്യപ്പെട്ടു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കേ, കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ തീരുമാനം ജേക്കബ് തോമസിനു തിരിച്ചടിയായി. കേന്ദ്രനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിക്കും.
വി.ആര്‍.എസ്. ആവശ്യപ്പെട്ടു ജേക്കബ് തോമസ് നേരത്തേ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പേരിലുള്ള കേസുകള്‍ ചൂണ്ടിക്കാട്ടി, വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിനു മറുപടിയായാണ് വി.ആര്‍.എസ്. അനുവദിക്കേണ്ടെന്നു കേന്ദ്രം നിര്‍ദേശിച്ചത്. സംസ്ഥാന പൊലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്പെന്‍ഷനിലാണ്. അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് അടുത്തിടെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് അദ്ദേഹം വി.ആര്‍.എസ്. ആവശ്യവുമായി മുന്നോട്ടുപോയത്. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം, സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ആത്മകഥ, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉയര്‍ന്ന അഴിമതിയാരോപണം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു തുടര്‍ച്ചയായ സസ്പെന്‍ഷന്‍. ജേക്കബ് തോമസിന് അനുകൂലമായ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.
Read more
ട്രിബ്യൂണല്‍ ഉത്തരവിനു ശേഷവും ജേക്കബ് തോമസ് സംഘപരിവാര്‍ ആഭിമുഖ്യം പരസ്യമായി പ്രകടിപ്പിച്ച് വിവാദ നായകനായി തുടര്‍ന്നു. ഇതു സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനത്തെ തുടര്‍ന്നാണു വി.ആര്‍.എസിനു ശ്രമിച്ചത്.