യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം 5.25ന് ആയിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി കാതോലിക്ക ബാവ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.

സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ അധ്യക്ഷനും മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവനുമാണ് അന്തരിച്ച ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ. നിരവധി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ ഉള്‍പ്പെടെ എല്ലാവര്‍ക്കും സുപരിചിതനും ആദരണീയനുമായ പുരോഹിതനാണ് വിടവാങ്ങിയിരിക്കുന്നത്.

ബസേലിയന് പൗലോസ് ത്രിതീയന്റെ പിന്‍ഗാമിയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 1974ല്‍ അദ്ദേഹം മെത്രോപൊലീത്തയായി. 2000ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു.