ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിനുമേല്‍ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാധ്യക്ഷനും കത്തു നല്‍കി. ജൂലൈ 26ന് ഭൂരിപക്ഷ തീരുമാനപ്രകാരമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചത്. നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. റിപ്പോര്‍ട്ടു സംബന്ധിച്ച് വിശദമായ വിയോജനക്കുറിപ്പ് ജോണ്‍ ബ്രിട്ടാസ് കമ്മിറ്റി ചെയര്‍മാനു സമര്‍പ്പിച്ചിട്ടുമുണ്ട്.
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കരടു ബില്ലിലെ വ്യവസ്ഥകള്‍ മാത്രമാണ് പൊതുസമൂഹത്തിനു മുമ്പിലുള്ളത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ 331 ഇ (1) (ബി) ചട്ടപ്രകാരം സഭയില്‍ അവതരിപ്പിക്കപ്പെടുകയും സ്പീക്കര്‍ ഔപചാരികമായി അയച്ചുകൊടുക്കുകയും ചെയ്യുന്ന ബില്ലുകള്‍ മാത്രമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു പരിഗണിക്കാന്‍ കഴിയുന്നത്.
ലോക്‌സഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലൊന്നായ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇക്കാരണംകൊണ്ട് മേല്പറഞ്ഞ ചട്ടപ്രകാരം നഗ്‌നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. രാജ്യസഭയ്ക്കും സമാനമായ ചട്ടമുണ്ട്. 270 (ബി)യും 273 (എ)യും പ്രകാരം സഭാധ്യക്ഷന്‍ അയയ്ക്കാത്ത ഒരു ബില്ലും പരിഗണിക്കാനുള്ള അധികാരം സമിതികള്‍ക്കില്ല.
ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത ഒരു ബില്ലിനുമേല്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് കമ്മിറ്റി അംഗീകരിച്ചത് അധികാരപരിധിക്കു പുറത്തുള്ള നടപടിയാണെന്നും അതുകൊണ്ടുതന്നെ ഇത് അസാധുവായി പ്രഖ്യാപിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Read more
യോഗത്തിനു തലേ ദിവസമാണ് വിവാദമായ റിപ്പോര്‍ട്ട് കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുന്നത്. ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുന്ന ഒട്ടേറെ വ്യവസ്ഥകള്‍ മുമ്പിറങ്ങിയ കരടു ബില്ലില്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ ശക്തമായ എതിര്‍പ്പുണ്ടാകുമെന്ന ധാരണയിലാണ് ഇത്തരമൊരു ദുരൂഹമായ നടപടിക്ക് ഭരണകക്ഷി മുതിര്‍ന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.