'മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത്,അതിൽ വേദനയുണ്ട്'; പക്ഷെ തന്റെ തീരുമാനം തെറ്റിയില്ല: പദ്മജ വേണുഗോപാല്‍

മാന്യമായ തോൽവി അല്ല തന്റെ സഹോദരൻ കെ. മുരളീധരന്‍റേതെന്നും അതിൽ വേദന ഉണ്ടെന്നും പദ്മജ വേണുഗോപാല്‍. മുരളീധരനുമായി സംസാരിച്ചിട്ടില്ല. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍. തൃശ്ശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചത് എന്ന് അദ്ദേഹം പറയണം. അത് ആരാണെന്ന് ഡിസിസി ഓഫിസിന്‍റെ മതിലിൽ എഴുതി വെച്ചിട്ടുണ്ടെന്നും പത്മജ പറഞ്ഞു. അതേസമയം ബിജെപിയില്‍ ചേരാനുള്ള തീരുമാനം തെറ്റിയില്ലെന്നും പത്മജ പറഞ്ഞു.

രാഷ്ട്രീയമായി തങ്ങൾ രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ലായെന്നും പത്മജ പറഞ്ഞു. തന്നെ പരാജയപ്പെടുത്തിയവർ തന്നെ ആണ് മുരളീധരനെയും തോല്പിച്ചതെന്നും പദ്മജ കൂട്ടിച്ചേർത്തു. തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്. അന്ന് കെ.മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നു. തൃശ്ശൂരിൽ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.

തൃശ്ശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല. തൃശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല. നല്ല ആളുകളുടെ കൈയ്യിൽ അധികാരം ഇല്ല എന്നും പത്മജ വിമർശിച്ചു. അതേസമയം ബിജെപിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോൾ അറിഞ്ഞത്. തെറ്റിദ്ധാരണ ആയിരുന്നു കൂടുതൽ. കോൺഗ്രസ്‌ പറഞ്ഞു ഭയപ്പെടുത്തിയതാണ്. വർഗീയത പറയുന്നത് കോൺഗ്രസ്‌ ആണെന്നും കേരളത്തിൽ ഇനിയും താമര വിരിയുമെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.