കെ. റെയില്‍: 'കോണ്‍ഗ്രസ് സമരം ക്രമസമാധാന നില തകര്‍ക്കും':സമസ്ത മുഖപത്രം

കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് സമരം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് സുപ്രഭാതം മുഖപ്രസംഗം. കോണ്‍ഗ്രസ് സമരം അക്രമത്തില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. വികസനം നാടിന്റെ ആവശ്യമാണ്. പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ സര്‍ക്കാര്‍ തന്നെ അകറ്റണമെന്നും, ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കുമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ‘കെ റെയില്‍: സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണം’ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതത്തിലെ മുഖപ്രസംഗം.

കെ റെയിലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ജനഹിതം മാനിക്കാതെ മുന്നോട്ട് പോയാല്‍ പദ്ധതിക്കായി സ്ഥാപിച്ചിരിക്കുന്ന സര്‍വേക്കല്ലുകള്‍ പിഴുതെറിയും എന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരിക്കുന്നത്. യുദ്ധസന്നാഹത്തോടെ ഇവര്‍ തെരുവില്‍ ഇറങ്ങിയാല്‍ അത് വലിയ അക്രമത്തിലായിരിക്കും കലാശിക്കുകയെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടി. ഇത് കേരളത്തിന്റെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കും.

സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ വികസന പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ല. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബോദ്ധ്യപ്പെടുത്തണം. പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പിന്തിരിയില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഇന്നലെ ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചത്. വീട് തോറും പ്രചാരണം നടത്താനും, പദ്ധതിയുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.