എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ പ്രതികരിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. സംഘർഷം എസ്എഫ്ഐ വിളിച്ചു വരുത്തിയതാണെന്നും ഒരു മാസത്തിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നിരവധി സംഘർഷങ്ങളാണ് നടന്നതെന്നും അലോഷ്യസ് പറഞ്ഞു.എസ്എഫ്ഐയുടെ ആക്രമണം നേരിട്ട ആരെങ്കിലും തിരിച്ചടിച്ചതാവാം. സംഭവത്തിലേക്ക് കെഎസ്.യുവിന്റെ പേര് വലിച്ചിഴച്ചത് അനാവശ്യമാണ്.കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.
മഹാരാജാസിലെ സംഭവങ്ങളിൽ പൊലീസ് എസ്എഫ്ഐ പറയുന്നതു മാത്രം കേൾക്കുകയാണ്. എസ്എഫ്ഐയും ഇടത് അനുകൂലികളായ അധ്യാപകരും ക്യാമ്പസിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അലോഷ്യസ് സേവിയർ ആരോപിച്ചു.അതേ സമയം നടന്നത് അതിക്രൂരമായ ആക്രമണമായിരുന്നെന്നും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു.
Read more
ഭാഗ്യംകൊണ്ടാണ് യൂണിറ്റ് സെക്രട്ടറി രക്ഷപ്പെട്ടത്. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസിൽ ഉണ്ടായതെന്നും ആർഷോ കൂട്ടിച്ചേർത്തു.മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. കെ.എസ്.യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസ്. വിദ്യാർഥിനികളടക്കം പ്രതിപട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്.