ബിബിസി ഡോക്യുമെന്ററിയില്‍ കെപിസിസി മീഡിയ സെല്‍ കണ്‍വീനറും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുള്‍പ്പെടെയുള്ള നേതാക്കള്‍.
കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകളുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുധാകരന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണു ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങളെന്ന് അനില്‍ ആന്റണി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അനില്‍ ആന്റണിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ പറയുന്നതാണ് ഔദ്യോഗിക അഭിപ്രായമെന്ന് ഷാഫി പറഞ്ഞു. അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരം പൂജപ്പുരയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സ്ഥലത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
Read more
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് പൂജപ്പുര ജംക്ഷനില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.