കാസർഗോഡ് കരിന്തളം ഗവൺമെൻറ് കോളേജിലെ വ്യാജരേഖ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതിയെന്ന് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം.
വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജിൻറെ പേരിലുള്ള വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷം കരിന്തളം ഗവ. കോളേജിൽ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. തൻറെ മൊബൈൽ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിൻറെ ഒറിജിനൽ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Read more
കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ ജോലി നേടാൻ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് കെ വിദ്യ അറസ്റ്റിലാകുന്നത് ജൂൺ 27 നാണ്. നേരത്തെ അന്വേഷണം പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ വൈകുകയായിരുന്നു. മണ്ണാർക്കാട് കോടതിയിൽ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സർട്ടിഫൈഡ് കോപ്പികൾ ലഭിക്കാനുള്ള കാലതാമസം മൂലമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.