കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി; ആളപായമില്ല, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം പാളം തെറ്റി. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവിൻറെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 4.40ന് ട്രെയിൻ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ ട്രെയിനിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിൻറെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് പാളം തെറ്റിയത്. ബോഗികൾ പാളം തെറ്റിയപ്പോൾ സിഗ്നൽ ബോക്സ് ഉൾപ്പെടെ തകർന്നു. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാൽ തന്നെ ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടില്ല. ഈ രണ്ട് ബോഗികളും വേർപ്പെടുത്തിയ ശേഷമാണ് ട്രെയിൻ യാത്ര ആരംഭിച്ചത്.

Read more

രാവിലെ 5.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലധികം വൈകി 6.43നാണ് കണ്ണൂരിൽ നിന്നു പുറപ്പെട്ടത്. ബോഗികൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചു വരുകയാണെന്ന് റെയിൽവേ അറിയിച്ചു.