സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി വന്നാലും എതിര്‍ക്കുമെന്ന് കാന്തപുരം

മെക് സെവന്‍ കൂട്ടായ്മകള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മെക് സെവന്‍ കൂട്ടായ്മകള്‍ വിശ്വാസ സംരക്ഷണത്തെ തകര്‍ക്കുന്നുവെന്ന നിലപാടില്‍ ഉറച്ചായിരുന്നു പ്രസ്താവന.

അന്യപുരുഷന്‍മാരും സ്ത്രീകളും ഇടകലര്‍ന്നു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണ പോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്നു. തെറ്റു ചെയ്യുന്നതില്‍ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നതെന്നും എപി അബൂബക്കര്‍ വ്യക്തമാക്കി.

നേരത്തെ കുറ്റ്യാടിയില്‍ നടത്തിയ പ്രസംഗത്തിലും അബൂബക്കര്‍ മുസ്ലിയാര്‍ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ഇസ്ലാം മതത്തില്‍ നിന്ന് ആളുകളെ അകറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പണ്ട് പുരുഷന്‍മാരെ കാണുന്നതും സംസാരിക്കുന്നതും നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകള്‍ക്ക് ബോധമുണ്ടായിരുന്നുവെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Read more

ഈ മറ എടുത്തുകളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവന്‍ എന്നും കാന്തപുരം വ്യക്തമാക്കി.