കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിൽ എത്തിച്ചു തെളിവെടുത്തേക്കും. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ മാസം 6 വരെയാണ് അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. അർജുന്‍റെ മൊബൈൽ ഫോൺ കണ്ടെടുക്കുകയാണ് കസ്റ്റംസിന്‍റെ പ്രധാന ലക്ഷ്യം. പ്രതി ഷെഫീഖിന്‍റെ മൊഴിയിൽ പറയുന്ന സലിം,ജലീൽ, മുഹമ്മദ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചു പോകുന്നതിനിടെ മൊബൈൽ ഫോൺ പുഴയിൽ നഷ്ടപ്പെട്ടു എന്നാണ് അർജുൻ ആയങ്കിയുടെ മൊഴി.
സ്വർണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖും അർജുൻ ആയങ്കിയും തമ്മിലുള്ള ഫോൺ വിളികളും വാട്സ്ആപ് സന്ദേശങ്ങളും ഈ ഫോണിലാണ് ഉള്ളത്. സ്വർണം കടത്തികൊണ്ടു വരുന്നതിന് മുൻപ് നിരവധി തവണ ഇവർ തമ്മിൽ സംസാരിച്ചിരുന്നതായി കസ്റ്റംസിന് തെളിവ് ലഭിക്കുകയും ചെയ്തിരുന്നു. പിടിയിലായെന്ന് ഷെഫീഖ് ആദ്യം അറിയിച്ചതും അർജുൻ ആയങ്കരിയെ ആണ്. ഷെഫീഖിന്‍റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്.
Read more
അർജുന്‍റെ ഫോൺ കണ്ടെടുക്കാനായാൽ കേരളത്തിലും വിദേശത്തും പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും എന്നാണ് കസ്റ്റംസിന്‍റെ പ്രതീക്ഷ. ഷെഫീഖിന്‍റെ മൊഴിയിൽ പറയുന്ന സലിം, ജലീൽ, മുഹമ്മദ് എന്നിവരെ കേരളത്തിൽ എത്തിക്കാനും കസ്റ്റംസ് ശ്രമം തുടങ്ങി. ഇവർക്ക് അർജുനുമായുള്ള ബന്ധം കസ്റ്റംസ് പരിശോധിക്കുകയാണ്. ദുബൈയിൽ നിന്ന് സ്വർണം കടത്തിയ കൊടുവള്ളി സംഘത്തിൽ തന്നെ അർജുന്‍റെ കൂട്ടാളികൾ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.