ബസുകളില്ലാതെ കിതയ്ക്കുന്ന കേരള ആര്‍.ടി.സിയെ ഇടിച്ചിടാന്‍ കര്‍ണാടക; അംബാരി സര്‍വീസുകളടക്കം നിരത്തുകളിലേക്ക്; കളക്ഷന്‍ വാരാന്‍ പുതിയ നീക്കം

കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. കേരള ആര്‍ടിസിയ്ക്ക് സര്‍വീസുകള്‍ നടത്താന്‍ ബസുകള്‍ ഇല്ലാതിരിക്കുമ്പോഴാണ് കര്‍ണാടകയുടെ കടന്നുകയറ്റം. പെര്‍മിറ്റുള്ള ബസുകളുടെ ക്ഷാമം കാരണം റിപ്പബ്ലിക് ദിന അവധിക്ക് പോലും കൃത്യമായി ബസുകള്‍ അയക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല.

കര്‍ണാടക ആര്‍ടിസി മൈസൂരുവില്‍ നിന്ന് എറണാകുളം, കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് 10 സ്ലീപ്പര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. എറണാകുളത്തേക്ക് മള്‍ട്ടി ആക്‌സില്‍ അംബാരി എസി സ്ലീപ്പറും കോഴിക്കോട്ടേക്കു ബെംഗളൂരുവില്‍ നിന്ന് മൈസൂരു വഴി നോണ്‍ എസി സ്ലീപ്പര്‍ ബസ് സര്‍വീസും ആരംഭിക്കും. തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ, മന്ത്രാലയ എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍. മൈസൂരു ഡിവിഷനിലേക്ക് 50 ഇ ബസുകള്‍ അടുത്ത മാസം എത്തും. വോള്‍വോയുടെ 20 മള്‍ട്ടി ആക്‌സില്‍ എസി സ്ലീപ്പര്‍ ബസുകളാണ് കര്‍ണാടക ആര്‍ടിസി പുതുതായി വാങ്ങുന്നത്.

സംസ്ഥാനാന്തര പെര്‍മിറ്റുള്ള ബസുകളില്ലാത്തതാണ് ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും കൂടുതല്‍ സ്‌പെഷലുകള്‍ പ്രഖ്യാപിക്കുന്നതിന് കേരള ആര്‍ടിസിക്ക് തടസ്സമാകുന്നത്. തെക്കന്‍ കേരളത്തില്‍ നിന്ന് വരുന്ന ബസുകള്‍ക്ക് കര്‍ണാടകയ്ക്ക് പുറമേ തമിഴ്‌നാടിന്റെ കൂടെ പെര്‍മിറ്റ് വേണം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ക്ക് കര്‍ണാടകയുടെ പെര്‍മിറ്റ് മാത്രം മതിയെങ്കിലും കോഴിക്കോട്, കണ്ണൂര്‍ ഡിപ്പോകളിലെ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളില്‍ പലതിന്റേയും പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. ഇതിനൊരു ബദല്‍ ഒരുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.

സ്വിഫ്റ്റ് ബസുകള്‍ വന്നെങ്കിലും ഇതെല്ലാം നിലവില്‍ ഓടിയിരുന്ന ബസുകള്‍ക്ക് പകരമാണ് അനുവദിച്ചത്. തിരുവനന്തപുരത്തേക്കുള്ള 2 വോള്‍വോ ബസുകള്‍ അറ്റകുറ്റപ്പണിക്കായി മാറ്റിയതോടെ ആഴ്ചകളായി ഇവ ഓടുന്നില്ല. പകരം ബസ് ഏര്‍പ്പെടുത്തിയിട്ടുമില്ല. വാരാന്ത്യങ്ങളില്‍ മികച്ച കലക്ഷന്‍ ലഭിച്ചിരുന്ന സര്‍വീസുകളാണ് രണ്ടും. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് റിപ്പബ്ലിക്ക് ദിനം 19 സ്‌പെഷല്‍ ബസുകളാണ് കര്‍ണാടക ഓടിച്ചത്. കേരളത്തിന് രണ്ടു ബസുകള്‍ മാത്രമാണ് ഓടിക്കാനായത്.