കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ കൊമ്പന് അമേരിക്കയിൽ നിന്ന് മരുന്ന് എത്തിച്ച് ഒരു കൂട്ടം ആനപ്രേമികൾ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കരുനാഗപ്പള്ളി സബ് ഗ്രൂപ്പില്‍ പെടുന്ന ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ കൊമ്പന്‍ സജ്ജയനാണ് ഏറെ നാളായി കണ്ണിന് കഴ്ച മങ്ങുന്ന അസുഖം ബാധിച്ചിരുന്നത്.
അമേരിക്കയിൽ മാത്രം ലഭ്യമായ ലാനോമാക്‌സ് എന്ന തുള്ളി മരുന്നാണ് സജ്ജയൻറെ ചികിത്സയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ അമേരിക്കയിൽ നിന്നും മരുന്ന് സംഘടിപ്പിക്കുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമായിരുന്നു. ആനയുടെ കണ്ണിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി നവാബ് രാജേന്ദ്രന്‍ എന്ന് ഫെയ്സ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ ആനപ്രേമികള്‍ സംഘടിപ്പിക്കുകയും ആനയുടെ ചികിത്സയ്ക്ക് ആവശ്യമായ ലാനോമാക്‌സ് എന്ന തുള്ളി മരുന്ന് സംഘടിപ്പിക്കാന്‍ ഫെയ്സ്ബുക്കില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ ഈ വാര്‍ത്ത പ്രചരിച്ചതോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശി മരുന്ന് എത്തിച്ച് നല്‍കാമെന്ന് ഏല്‍ക്കുകയും അദ്ദേഹം തന്നെ മരുന്ന് വാങ്ങി നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.
Read more
ഇതോടെ ഒരുനാടാകെ സന്തോഷത്തിലാണ്. ആദിനാട് സ്വദേശി ശക്തികുളങ്ങര ദേവിക്ക് മുന്നില്‍ നടയ്ക്ക് വെച്ച കൊമ്പനാണ് സജ്ജയന്‍. ഇഭദന്തശ്രേഷ്ഠന്‍, ഗജരാജന്‍ തുടങ്ങി നിരവധി പട്ടങ്ങള്‍ ആനയ്ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തശീലനും നാട്ടുകാരോട് വളരെ അടുത്ത് ഇടപഴകുന്ന ആനയും കൂടിയായ സജ്ജയനായി ഫാന്‍സ് ഗ്രൂപ്പ് വരെ നിലവിലുണ്ട്.